ധാക്ക: ബംഗ്ലാദേശിൽ വ്യോമസേനയുടെ യുദ്ധവിമാനം സ്കൂളിന് മുകളിലേക്ക് തകർന്നുവീണ സംഭവത്തിൽ 19 വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞു. 19 പേർ മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. 70 വിദ്യാർത്ഥികൾ പരിക്കേറ്റ് ചികിത്സയിലാണ്. ബംഗ്ലാദേശ് വ്യോമസേനയുടെ ചൈന നിർമിത എഫ്-7 പരിശീലന ജെറ്റ് വിമാനമാണ് ധാക്കയിലെ സ്കൂളിന് മുകളിലേക്ക് തകർന്നുവീണത്.
സ്കൂളിൽ ക്ലാസുകൾ നടന്നുകൊണ്ടിരിക്കവെയാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. വിമാനം തകർന്നതിന് പിന്നാലെ പരിസരത്ത് മുഴുവൻ തീയും കറുത്ത പുകയും നിറഞ്ഞിരുന്നു. അതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വ്യോമസേനയുടെ എഫ്-7 ബിജിഐ എന്ന പരിശീലന വിമാനമാണ് തകർന്നത്. ഉച്ചയ്‌ക്ക് ഒരുമണിയോടെയായിരുന്നു അപകടം. വിമാനം കെട്ടിടത്തിന്റ ഒരു ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഉടൻ തന്നെ പ്രദേശവാസികൾ രക്ഷാപ്രവർത്തനം നടത്തി. 48 പേരുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപകടകാരണം അന്വേഷിക്കുമെന്ന് ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പറഞ്ഞു. അപകടത്തിൽപെട്ട എല്ലാവർക്കും ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും ആവശ്യമെങ്കിൽ പരിക്കേറ്റവരെ വിദേശത്തേക്ക് കൊണ്ടുപോകുമെന്നും യൂനുസ് പറഞ്ഞു.















