ന്യൂഡല്‍ഹി: രാജ്യസഭാ എംപിയായി സ്ഥാനമേറ്റ സി. സദാനന്ദന്‍ മാസ്റ്റര്‍ക്ക് ഇന്ദ്രപ്രസ്ഥത്തിലെ മലയാളികളുടെ സ്നേഹാദരം. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ ദല്‍ഹി മലയാളികൾ സംഘടിപ്പിച്ച ഗംഭീരമായസ്വീകരണചടങ്ങ് ഡല്‍ഹി മലയാളികളുടെ മാസ്റ്ററോടുള്ള സ്നേഹത്തിന്റെയും ആദരത്തിന്റെയും പ്രകടനമായി മാറി.
സദാനന്ദന്‍ മാസ്റ്ററുടെ രാജ്യസഭയിലെ സാന്നിധ്യം എന്നും ദേശസ്നേഹികള്‍ക്ക് അഭിമാനമായിരിക്കുമെന്ന് സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.
“അദ്ധ്യാപകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, ജന്മഭൂമി സഹപത്രാധിപര്‍, ദേശീയ അദ്ധ്യാപക വാര്‍ത്ത പത്രാധിപര്‍ എന്നീ നിലകളില്‍ വലിയ സംഭാവനകള്‍ നല്‍കി മികവു തെളിയിച്ച വ്യക്തിയാണ് സദാനന്ദന്‍ മാസ്റ്റര്‍. അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതില്‍ ആനന്ദിക്കേണ്ടതിനും അഭിമാനിക്കേണ്ടതിനുപകരം ചിലര്‍ ശുദ്ധനുണകള്‍ പറഞ്ഞു പ്രചരിപ്പിക്കുകയാണ്. അവര്‍ അപമാനിച്ചത് കേരളത്തെയാണ്, മുഴുവന്‍ അദ്ധ്യാപക സമൂഹത്തെയുമാണ്. ഭാരതത്തിലെ ലക്ഷോപലക്ഷം വരുന്ന സ്‌കൂള്‍ അധ്യാപകരെ അദ്ദേഹം പ്രതിനിധീകരിക്കുന്നു. ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഒരു സ്‌കൂള്‍ അദ്ധ്യാപകനെ രാഷ്‌ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നത്. അതിജീവനത്തിന്റെ ഉദാഹരണമാണ് അദ്ദേഹം”.ജെ. നന്ദകുമാര്‍ പറഞ്ഞു.
സദാനന്ദന്‍ മാസ്റ്റര്‍ക്ക് കരുത്തുപകര്‍ന്ന് കേരളത്തിന്റെയും ഭാരതത്തിന്റെയും വികസനത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്‌ട്രത്തിനുവേണ്ടി ഒരുമിച്ച് പ്രവര്‍ത്തിച്ച് മുന്നോട്ടുപോകാമെന്ന് സദാനന്ദന്‍ മാസ്റ്റര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. നാം പ്രവര്‍ത്തിക്കുന്നത് ഏത് മേഖലയിലാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെക്കുന്ന വികസിത ഭാരതത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.















