ന്യൂഡൽഹി: ആരോഗ്യപരമായ കാരണങ്ങളാൽ ഉപരാഷ്‌ട്രപതി സ്ഥാനം രാജിവച്ച ജഗ്ദീപ് ധൻകറിന് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. വിവിധ പദവികളിൽ രാജ്യത്തെ സേവിക്കാൻ അദ്ദേഹത്തിന് നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.
“ശ്രീ ജഗദീപ് ധൻകർ ജിക്ക് നമ്മുടെ രാജ്യത്തെ വിവിധ പദവികളിൽ സേവിക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്, അതിൽ ഇന്ത്യയുടെ ഉപരാഷ്‌ട്രപതി എന്നതും ഉൾപ്പെടുന്നു. അദ്ദേഹത്തിന് ആരോഗ്യം നേരുന്നു” എന്ന് നരേന്ദ്ര മോദി X-ൽ പറഞ്ഞു.
ആരോഗ്യപരമായ കാരണങ്ങളാൽ ധൻകർ തിങ്കളാഴ്ച വൈകുന്നേരം തന്റെ സ്ഥാനം രാജിവക്കുകയായിരുന്നു.
തന്റെ ആരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരം ചികിത്സ നടത്തുന്നതിനായി ഇന്ത്യയുടെ ഉപരാഷ്‌ട്രപതി സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കുന്നുവെന്ന് ജഗ്ദീപ് ധൻകർ രാജിക്കത്തിൽ പറയുന്നു.
താൻ ഉപരാഷ്‌ട്രപതി ആയിരുന്ന കാലയാളവിൽ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിലും വികസനത്തിനും സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിലും അതിൽ പങ്കാളിയാകാൻ സാധിച്ചതിലും സംതൃപ്തനാണെന്നും ജഗ്ദീപ് ധൻകർ പറഞ്ഞു. രാജ്യത്തെ പുരോഗതിയുടെ ഈ വേളയിൽ സേവനം ചെയ്യാൻ കഴിയുന്നത് ബഹുമതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.















