ന്യൂഡൽഹി:തമിഴ്നാട് നിയമസഭയിൽ പാസാക്കിയ സർവകലാശാലകളുമായി ബന്ധപ്പെട്ട ബില്ലുകൾ ഗവർണർ ആർ.എൻ. രവി തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ടു സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു അയച്ച പ്രെസിഡെൻഷ്യൽ റെഫറൻസിൽ എല്ലാ സംസ്ഥാന സർക്കാരുകളും മറുപടി നൽകണമെന്ന് സുപ്രീം കോടതി ഉത്തരവ്
ജസ്റ്റിസ് സൂര്യകാന്ത്, വിക്രം നാഥ്, പി.എസ്. നരസിംഹ, എ.എസ്. ചന്ദൂർക്കർ എന്നിവർക്കൊപ്പം ചീഫ് ജസ്റ്റിസ് ഗവായ്, എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് രാഷ്‌ട്രപതിയുടെ പരാമർശത്തിന് മറുപടി നൽകാൻആവശ്യപ്പെട്ടു കൊണ്ട് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനും ഔദ്യോഗികമായി നോട്ടീസ് അയച്ചത് . നോട്ടീസുകൾക്ക് ഒരാഴ്ചയ്‌ക്കുള്ളിൽ തിരികെ മറുപടി അയയ്‌ക്കേണ്ടതാണ്. ഈ കേസിന്റെ വാദം കേൾക്കൽ ഓഗസ്റ്റ് മധ്യത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ഗവർണർ ആർ.എൻ. രവിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസ് പരിഗണിച്ച സുപ്രീം കോടതി ഏപ്രിൽ 8 ന് പുറപ്പെടുവിച്ച വിധിയിൽ നിയമസഭഅയയ്‌ക്കുന്ന ബില്ലുകളിൽ ഗവർണർ ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും ഗവർണർ അയയ്‌ക്കുന്ന ബില്ലുകളിൽ രാഷ്‌ട്രപതി മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നുമായിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്.
ഭരണഘടനയുടെ 200-ാം വകുപ്പ് പ്രകാരം ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് പ്രത്യേക അവകാശമില്ലെന്നും മന്ത്രിമാരുടെ കൗൺസിലിന്റെ ഉപദേശപ്രകാരം പ്രവർത്തിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഗവർണർ അയച്ച ബില്ലിന് രാഷ്‌ട്രപതി അനുമതി നൽകുകയും അത് നിർത്തിവയ്‌ക്കുകയും ചെയ്തില്ലെങ്കിൽ, സംസ്ഥാന സർക്കാരുകൾക്ക് നേരിട്ട് സുപ്രീം കോടതിയെ സമീപിക്കാമെന്നും ജഡ്ജിമാർ പറഞ്ഞു. ബില്ലിൽ തീരുമാനമെടുക്കാൻ രാഷ്‌ട്രപതിക്ക് സുപ്രീം കോടതി സമയപരിധി നിശ്ചയിക്കുന്നത് ഇതാദ്യമാണ്.
അതേസമയം, രാഷ്‌ട്രപതി ദ്രൗപതി മുർമു തന്റെ പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ച് സുപ്രീം കോടതിയോട് ഈ ഉത്തരവുമായി ബന്ധപ്പെട്ട് 14 ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു.















