ന്യൂഡൽഹി: ഹിന്ദു സ്ത്രീകളെ ലക്ഷ്യമിട്ട് പ്രവർത്തിച്ച മതപരിവർത്തന റാക്കറ്റിന്റെ മുഖ്യസൂത്രധാരൻ ചങ്കൂർ ബാബയും പനാമയിലെ ഷെൽ കമ്പനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം കടുപ്പിച്ച് ഇഡി. അന്വേഷണസംഘത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചങ്കൂർ ബാബയ്‌ക്ക് പനാമ ഷെൽ കമ്പനിയുമായി നേരിട്ട് ബന്ധമുണ്ടെന്നും ഇതുവഴി കള്ളപ്പണം വെളുപ്പിക്കൽ നടത്തിയിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി.
ചങ്കൂർ ബാബയുടെ അടുത്ത സഹായിയായ നവീൻ റോഹ്‌റ 2003-ൽ പനാമയിൽ ലോഗോസ് മറൈൻ എസ്‌എ എന്ന പേരിൽ ഒരു ഷെൽ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. പനാമ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷ്ണൽ ഷിപ്പിംഗ് ബ്യൂറോ വഴിയാണ് സ്ഥാപനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. 10,000 യുഎസ് ഡോളറാണ് സ്ഥാപനത്തിന്റെ നിക്ഷേപം.
വിദേശ പൗരന്മാരെയാണ് സ്ഥാപനത്തിന്റെ പങ്കാളിയായി
രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണെന്നും മനഃപൂർവ്വം ചെയ്യുന്നതതാകാമെന്നും അന്വേഷണസംഘം അറിയിച്ചു. ഈ ഷിപ്പിംഗ് കമ്പനിയിലൂടെ കോടിക്കണക്കിന് കള്ളപ്പണമാണ് വെളുപ്പിച്ചത്. ഹവാല ഇടപാടുകൾ, ബാങ്ക് ഇടപാടുകൾ തുടങ്ങി 100 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ട്.
മതപരിവർത്തന റാക്കറ്റുമായി ബന്ധപ്പെട്ട് നവീൻ റോഹ്റയുടെ വസതിയിൽ പരിശോധന നടന്നിരുന്നു. കേസിന്റെ ഭാഗമായുള്ള നിരവധി രേഖകൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ രേഖകൾ മതപരിവർത്തന റാക്കറ്റുകളും സാമ്പത്തിക ഇടപാടുകളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു. കേസിൽ ചങ്കൂർ ബാബ, മകൻ മെഹബൂബ്, സഹായിയായ നവീൻ റോഹ്‌റ , നസ്രീൻ എന്നിവർ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിലാണ്.















