ന്യൂഡൽഹി: ബ്രിട്ടണിലെ ഖാലിസ്ഥാൻ ഭീകരരുടെ സാന്നിധ്യം ഗൗരവമേറിയ വിഷയമാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഖാലിസ്ഥാൻ ഭീകരരെ കൈമാറുന്നതുമായി സംബന്ധിച്ച് ഇന്ത്യയും യുകെയും തമ്മിൽ ചർച്ചകൾ നടന്നിട്ടുണ്ടെന്നും ഖാലിസ്ഥാൻ ഭീകരരുട സാന്നിധ്യത്തിൽ ഇന്ത്യയ്‌ക്ക് ആശങ്കയുണ്ടെന്നും വിക്രം മിസ്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുകെ, മാലിദ്വീപ് സന്ദർശനത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഖാലിസ്ഥാനി ഭീകരരുടെ സാന്നിധ്യത്തെ കുറിച്ചും ഖാലിസ്ഥാനി ഭീകരരുമായി ബന്ധമുള്ള ആളുകളെ കുറിച്ചും യുകെയിലെ ഞങ്ങളുടെ ഉദ്യോസ്ഥർ നിരീക്ഷിച്ചുവരുന്നുണ്ട്. ഖാലിസ്ഥാനികളുടെ ആക്രമണങ്ങളും മറ്റും നമ്മുടെ രാജ്യത്തെ മാത്രമല്ല, മറ്റ് രാജ്യങ്ങളുടെ സാമൂഹിക ഐക്യത്തിനും ക്രമസമാധാനത്തിനും വെല്ലുവിളിയാകുന്നു”.
പ്രധാനമന്ത്രിയുടെ നാലാമത്തെ യുകെ സന്ദർശനമാണിത്. അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നും വിക്രം മിസ്രി പറഞ്ഞു. കെയർ സ്റ്റാർമറുടെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുകെ സന്ദർശിക്കുന്നത്. ഇതിന് ശേഷമായിരിക്കും മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ക്ഷണപ്രകാരം മാലിദ്വീപ് സന്ദർശിക്കുക.















