ന്യൂഡൽഹി: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഹെൻലി പാസ്പോർട്ട് ഇൻഡക്സ് 2025 പ്രകാരം ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ പാസ്‌പോർട്ടുകളുടെ ആഗോള റാങ്കിംഗിൽ ഇന്ത്യ 77-ാം സ്ഥാനത്തേക്ക് ഉയർന്നു. വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണിത്.
കഴിഞ്ഞ വർഷത്തെ സൂചികയിൽ 80-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോൾ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. ബുർക്കിന ഫാസോ, കോട്ട് ഡി ഐവയർ, സെനഗൽ എന്നീ മൂന്ന് രാജ്യങ്ങളും ഇന്ത്യക്കൊപ്പമുണ്ട്. ഇതോടെ ഇനിമുതൽ ഇന്ത്യൻ പാസ്‌പോർട്ടിൽ 59 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കും.
ആഫ്രിക്കയിലെ 19 രാജ്യങ്ങളിലേക്കും, ഏഷ്യയിലെ 18 രാജ്യങ്ങളിലേക്കും, വടക്കേ അമേരിക്കയിലെ 10 രാജ്യങ്ങളിലേക്കും, ഓഷ്യാനിയ മേഖലയിലെ 10 രാജ്യങ്ങളിലേക്കും, ദക്ഷിണ അമേരിക്കയിലെ ഒരു രാജ്യങ്ങളിലേക്കും ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാം.
194 രാജ്യങ്ങൾക്ക് വിസ രഹിത യാത്ര നൽകുന്ന സിംഗപ്പൂർ ഈ വർഷവും പട്ടികയിൽ ഒന്നാമതെത്തി. മുൻകൂർ വിസയില്ലാതെ എത്തിച്ചേരാവുന്ന സ്ഥലങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ലോകത്തിലെ എല്ലാ പാസ്‌പോർട്ടുകളുടെയും യഥാർത്ഥവും ആധികാരികവുമായ റാങ്കിംഗാണ് ഹെൻലി പാസ്പോർട്ട് ഇൻഡക്സ്.















