കൊല്ലം: മത്സ്യബന്ധനവള്ളം പുലിമുട്ടിലിടിച്ച് അപകടം. ശക്തികുളങ്ങര തുറമുഖത്തിനടുത്ത് ബുധനാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. രഞ്ജിത്ത് (40), രാജീവ് (44) , ചെറിയഴീക്കൽ സ്വദേശികളായ ഷൺമുഖൻ (46) , സുജിത്ത് (42), അമ്പലപ്പുഴ കരൂർ സ്വദേശികളും സഹോദരങ്ങളുമായ അഖിൽ(24) അഭിനന്ദ് (22) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
വരുണപുത്രൻ എന്ന വള്ളമാണ് ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിൽ ഇടിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെവരുന്നതിനിടെയാണ് അപകടം. തുടർന്ന് വള്ളത്തിലുണ്ടായിരുന്നവർ കടലിൽ തെറിച്ചു വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യതൊഴിലാളികൾ ഇവരെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചു.















