കർക്കിടക വാവുബലി ഇന്ന്. പൂർവിക സ്മരണയിൽ പിതൃതർപ്പണത്തിനായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. രാവിലെ മുതൽ ക്ഷേത്രങ്ങളിൽ വൻ ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. ബലിതർപ്പണ കേന്ദ്രങ്ങളിൽ കൂടുതൽ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ആലുവ മണപ്പുറം, തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം എന്നിവിടങ്ങളിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് പുലർച്ചെ മുതൽ സംസ്ഥാനത്തെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
പിതൃദോഷം മാറ്റാനും പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കാനുമാണ് ബലിയർപ്പിക്കുന്നത്. എള്ള്, ഉണക്കലരി, വെള്ളം, ദർഭപ്പുല്ല്, പൂക്കൾ എന്നിവയാണ് പൂജാദ്രവ്യങ്ങൾ. പിതൃക്കളെ മനസിൽ വിചാരിച്ചുകൊണ്ടാണ് ബലിയർപ്പിക്കുന്നത്. നദിക്കരകളിലോ ക്ഷേത്രങ്ങളിലോ പ്രത്യേകം തയാറാക്കിയ ബലിത്തറയിലോ ആണ് തർപ്പണം നടത്തുന്നത്. ഒരാളുടെ മൂന്ന് തലമുറകൾക്ക് വേണ്ടിയായിരിക്കും ബലിതർപ്പണം നടത്തുക.















