ന്യൂഡൽഹി: പശ്ചിമബംഗാളിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ തൃണമൂൽ കോൺഗ്രസ് എംപിയും വ്യവസായിയുമായ കൻവർ ദീപ് സിംഗിന്റെ മകൻ കരൺ ദീപ് സിംഗിന്റെ 127 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. കൊൽക്കത്ത പൊലീസും സിബിഐ ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്. രേഖകളില്ലാത്ത പണമാണ് അന്വേഷണസംഘം കണ്ടുകെട്ടിയത്.
കൊൽക്കത്ത പഞ്ച്കുളയിൽ സ്ഥിതിചെയ്യുന്ന ആൽക്കെമിസ്റ്റ് ആശുപത്രി, ഓജാസ് ആശുപത്രി തുടങ്ങിയവ ഉൾപ്പെടെയുള്ള സ്വത്തുക്കൾ കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നുണ്ട്. പൊതുജനങ്ങളുടെ പണം വലിയ തോതിൽ കൈക്കലാക്കിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്താണ് നിക്ഷേപകരിൽ നിന്നും പണം തട്ടിയെടുത്തത്.
ഇത്തരത്തിൽ ജനങ്ങളിൽ നിന്ന് 1,848 കോടി രൂപ അനധികൃതമായി സമ്പാദിക്കുകയും പിന്നീട് ദുരുപയോഗം ചെയ്യുകയും ചെയ്തതായി ഇഡി കണ്ടെത്തി. ഈ പണം ആൽക്കെമിസ്റ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളുമായുള്ള ഇടപാടിലൂടെ പല കാര്യങ്ങൾക്കായി വിനിയോഗിച്ചു.
കേസുമായി ബന്ധപ്പെട്ട് ജനുവരി 12-ന് കൻവർ ദീപ് സിംഗിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതുവരെ 238 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. വൻ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.















