തിരുവനന്തപുരം:ജെഎസ്കെ എന്ന ചിത്രം പ്രൊപ്പഗാണ്ട സിനിമയാണെന്ന ആരോപണങ്ങൾക്ക് മറുപടി നൽകി സംവിധായകൻ പ്രവീൺ നാരായണൻ. താൻ സംസാരിച്ചത് ഈ നാട്ടിലെ സ്ത്രീകൾക്ക് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ചിത്രത്തിനെതിരെ വന്ന വിമർശനങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയത്. ഇംഗ്ലീഷിലും മലയാളത്തിലും പ്രവീൺ നാരായണൻ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്
പ്രവീണിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങിനെയാണ്- “ക്രിസ്ത്യൻ പള്ളികൾ തോറും മുട്ടിലിഴഞ്ഞ് നടക്കുന്നു സുരേഷ് ഗോപി എന്ന് പറഞ്ഞവർ, ഫാദർ ഫ്രാങ്കോക്കെതിരെ പറഞ്ഞ ഡേവിഡ് ആബേലിനു രാഷ്‌ട്രീയ പ്രൊപ്പഗാണ്ട പറയുന്നു. ഞാൻ സംസാരിക്കാൻ ശ്രമിച്ചത് ഈ നാട്ടിലെ സ്ത്രീകൾക്ക് വേണ്ടിയാണ്. ഒരിക്കൽ കൂടി പറയുന്നു, ഈ കോരിച്ചൊരിയുന്ന മഴയത്ത് ആർത്തവ തുണി ഒന്ന് മാറാൻ വൃത്തിയോടെ, അറപ്പില്ലാതെ, പേടിയില്ലാതെ കയറിച്ചെല്ലാൻ സാധിക്കുന്ന ടോയ്ലെറ്റുകൾ നമ്മുടെ രാജ്യത്ത് എവിടെയൊക്കെ ഉണ്ടെങ്കിലും ദയവ് ചെയ്ത് നിങ്ങൾ താഴെ കമന്റ് ആയി ഇടുക. ഈ വിഷയത്തിൽ നിന്നും മാറി സംസാരിക്കുന്ന കമന്റുകൾ ഡിലീറ്റ് ചെയ്യുന്നത് ആയിരിക്കും. ഇന്ത്യ എന്ന രാജ്യത്തെ ഏത് സംസ്ഥാനത്തെ പബ്ലിക് ടോയ്ലെറ്റുകളും കമന്റ് ആയി ഇടാം. കേരളം NO -1 ആണെന്ന് ഉറപ്പുള്ളവർ കമന്റ് ചെയ്യുന്നതിന് മുൻപു സ്വന്തം അമ്മയോടും, പെങ്ങളോടും സാധിക്കുമെങ്കിൽ അഭിപ്രായം ചോദിക്കുക.”
“അമ്മയായും, ഭാര്യയായും, പെങ്ങളായും, സഹോദരിയായും, കൂട്ടുകാരിയായും, അമ്മൂമ്മയായും, കാമുകിയായുമൊക്കെ സ്ത്രീകൾ എന്റെ ജീവിതത്തിൽ വന്നിട്ടുണ്ട്. എന്നാൽ അവരോടൊക്കെ എത്രത്തോളം നീതി പുലർത്താൻ സാധിച്ചു എന്നെനിക്കറിഞ്ഞു കൂടാ.പക്ഷെ അതിനെല്ലാമൊരു സമർപ്പണമായിരിക്കും ജാനകി എന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്.” എന്നും പ്രവീൺ നാരായണൻ മുൻപൊരു പോസ്റ്റിൽ പറഞ്ഞിരുന്നു.
സുരേഷ് ഗോപിയുടെ 253-ാമത് ചിത്രമായ’ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’ കഴിഞ്ഞ ആഴ്ചയാണ് തീയേറ്ററുകളിലെത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തി.















