ലണ്ടൻ: ബ്രിട്ടണിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇംഗ്ലണ്ടിലെ നോർഫോക്കിലുള്ള സാൻഡ്രിംഗ്ഹോ എസ്റ്റേറ്റിലാണ് കൂടിക്കാഴ്ച നടന്നത്. ‘ഏക് പേഡ് മാ കേ നാം’ എന്ന സംരംഭത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ചാൾസ് മൂന്നാമന് ഒരു വൃക്ഷത്തൈ സമ്മാനിച്ചു.
ചാൾസ് മൂന്നാമനുമായി കൂടിക്കാഴ്ച നടന്നുവെന്നും വിവിധ മേഖലകളിൽ രാജാവുമായി ചർച്ചകൾ നടത്തിയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. യോഗ, ആയുർവേദം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ആഴത്തിൽ ചർച്ച നടന്നു. കൂടാതെ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, വിദ്യാഭ്യാസം, ആരോഗ്യം, നിക്ഷേപം എന്നീ മേഖലകളിൽ ചാൾസ് മൂന്നാമനുമായി സംസാരിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും വിശദമായ ചർച്ച നടത്തിയതായാണ് വിവരം.
പ്രധാനമന്ത്രി സമ്മാനിച്ച വൃക്ഷത്തൈ എസ്റ്റേറ്റിൽ നടുമെന്ന് അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.















