മാവേലിക്കര: ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകനുമായിരുന്ന രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പത്താം പ്രതിക്കും വധശിക്ഷ.ആലപ്പുഴ വട്ടക്കാട്ടുശ്ശേരി വീട്ടിൽ നവാസ് ആണ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ നേരത്തെ 15 പ്രതികൾക്കും വധശിക്ഷ വിധിച്ചിരുന്നു. പ്രതികളെല്ലാം പോപ്പുലർ ഫ്രണ്ട്-എസ്.ഡി.പി.ഐ. പ്രവർത്തകരായ മുസ്ളീം തീവ്രവാദികളാണ്. നേരത്തെ വിധി പറഞ്ഞ ഘട്ടത്തിൽ പത്താം പ്രതി ചികിത്സയിലായിരുന്നു.
കേസില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. പ്രതികള്‍ നിരോധിത മുസ്ളീം തീവ്രവാദസംഘത്തിലെ അംഗങ്ങളും കൊലചെയ്യാന്‍ പരിശീലനം ലഭിച്ചവരുമാണ്. ഇവര്‍ പുറത്തിറങ്ങിയാല്‍ നാടിന് ആപത്താണെന്നും അതിനാല്‍ മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും വാദത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് ഒരാളെ അതിക്രൂരമായി കൊലപ്പെടുത്തിയത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യത്തിന്റെ പരിധിയില്‍വരുമെന്നും പ്രോസിക്യൂഷന്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു.
2021 ഡിസംബര്‍ 19-നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. ആലപ്പുഴ ഡി.വൈ.എസ്.പി.യായിരുന്ന എന്‍.ആര്‍. ജയരാജ് ആയിരുന്നു അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.















