ന്യൂഡൽഹി:കാർഗിൽ മലനിരകളിൽ പാകിസ്താനുമേൽ ഭാരതം നേടിയ ഐതിഹാസിക വിജയത്തിന്റെ ഓർമ്മകളുമായി ഇന്ന് കാർഗിൽ വിജയ് ദിവസ് . പാകിസ്താനെ സംബന്ധിച്ച് എക്കാലവും നടുക്കുന്ന ഓർമയാണ് കാർഗിൽ.
ഭാരത ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിൽ മലനിരകളിൽ യുദ്ധം ആരംഭിച്ചത്. തർക്ക പ്രദേശമായ സിയാചിൻ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗർ- കാർഗിൽ ലേ ഹൈവേ ഉൾപ്പെടെ നിർണ്ണായക പ്രദേശങ്ങൾ അധീനതയിലാക്കുകയായിരുന്നു പാകിസ്താന്റെ ലക്ഷ്യം.കൂട്ടം തെറ്റിയ യാക്കുകളെ തേടിപ്പോയ ഇടയന്മാരാണ് അതാദ്യം കണ്ടത്. ബടാലിക് പ്രദേശത്തെ മലമുകളിൽ ആൾപ്പെരുമാറ്റം. അവർ അറിയിച്ചതനുസരിച്ച് നിരീക്ഷണം നടത്തിയപ്പോഴാണ് കാർഗിൽ മലനിരകളിൽ ശത്രുക്കൾ കയറിക്കൂടിയ വസ്തുത സൈന്യം അറിയുന്നത്.അതിശൈത്യത്തെ തുടർന്ന് പലഭാഗത്തുനിന്നും സൈനികരെ ഇന്ത്യ പിൻവലിച്ച തക്കം നോക്കിയായിരുന്നു നുഴഞ്ഞ് കയറ്റം.
16,000 മുതൽ 18,000 അടി വരെ ഉയരത്തിലുള്ള മലനിരകളിൽ നിലയുറപ്പിച്ച ശത്രുസൈന്യത്തെ തുരത്താൻ ഓപ്പറേഷൻ വിജയ് എന്ന പേരിൽ ഇന്ത്യയുടെ പ്രത്യാക്രമണം ആരംഭിച്ചു. 60 ദിവസത്തിലധികം നീണ്ട പോരാട്ടം കൊണ്ട് ഇന്ത്യൻ അതിർത്തിയിൽ നിന്നും പാകിസ്താൻ സൈന്യത്തെയും തീവ്രവാദികളെയും തുടച്ചുനീക്കി . ഒടുവിൽ ഇന്ത്യൻ സൈന്യത്തിന്റെ കരുത്തറിഞ്ഞ പാകിസ്താൻ തോറ്റ് പിൻമാറുകയായിരുന്നു. കാർഗിൽ മഞ്ഞുമലയുടെ മുകളിൽ ഭാരതത്തിന്റെ മൂവർണ്ണ കൊടി പാറി. 1999 മെയ് 8 ന് ആരംഭിച്ച യുദ്ധത്തിൽ 1999 ജൂലൈ 14 ന് ഇന്ത്യ പാകിസ്താന്റെ മേൽ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്പേയി പ്രഖ്യാപിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായി അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം നടത്തി.
പോരാട്ടത്തിൽ 527 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചു.ഇന്ത്യൻ സൈന്യത്തിന്റെ കണക്കനുസരിച്ച് 1,200 പാക് സൈനികരെങ്കിലും പോരാട്ടത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
തോറ്റ് മടങ്ങിയ പാക് സൈന്യം പക്ഷേ യുദ്ധത്തിൽ തങ്ങളുടെ പങ്ക് നിഷേധിച്ചു. തീവ്രവാദികളിൽ കുറ്റം ചുമത്തി കൈകഴുകാൻ ശ്രമിച്ചെങ്കിലും യുദ്ധത്തിന്റെ യഥാർത്ഥ സൂത്രധാരന്മാർ പാക് സൈന്യമാണെന്ന് പിന്നീട് തെളിഞ്ഞു.
കാർഗിലിൽ വിജയക്കൊടി നാട്ടിയ ജൂലൈ 26 ഇന്ത്യ പിന്നീട് വിജയ് ദിവസ് എന്ന പേരിൽ ആചരിക്കാൻ തുടങ്ങി. കാർഗിലിൽ രാജ്യത്തിന് നഷ്ടമായ 527 ധീര ജവാൻമാർക്ക് പ്രണാമങ്ങൾ അർപ്പിച്ച് എല്ലാവർഷവും രാജ്യം ആ ഓർമ്മ പുതുക്കുന്നു.















