മുംബൈ : പലസ്തീൻ പ്രശ്നത്തിൽ പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ചതു ചോദ്യം ചെയ്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സമർപ്പിച്ച ഹർജി വെള്ളിയാഴ്ച ബോംബെ ഹൈക്കോടതി തള്ളി.”ആദ്യം നമ്മുടെ സ്വന്തം രാജ്യത്തെ പൗരന്മാരോട് ദേശസ്നേഹം കാണിക്കാൻ” പാർട്ടിയോട് കോടതി ആവശ്യപ്പെട്ടു .
ആയിരക്കണക്കിനു മൈലുകൾ അകലെയുള്ള വിഷയത്തിൽ ഇടപെടുന്നതിനു പകരം രാജ്യത്തെ പ്രശ്നങ്ങൾക്കു പരിഹാരം കാണാനാണ് പാർട്ടി ശ്രദ്ധിക്കേണ്ടതെന്നും കോടതി നിർദേശിച്ചു. ദേശസ്നേഹികളാണെങ്കിൽ മലിനീകരണം, പ്രളയം അടക്കമുള്ള പ്രശ്നങ്ങളിൽ ഇടപെടണം.
ഇന്ത്യയ്‌ക്ക് ഇതിനകം തന്നെ നിരവധി പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുണ്ടെന്നും ഇന്ത്യയിലെ പൗരന്മാരെ ബാധിക്കാത്ത പ്രശ്‌നങ്ങൾ ഹർജിക്കാരൻ ഏറ്റെടുക്കുന്നത് ഒഴിവാക്കണമെന്നും ജസ്റ്റിസുമാരായ രവീന്ദ്ര ഗുഗെ , ഗൗതം അൻഖാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. രാജ്യത്തോടു സ്നേഹം കാണിക്കൂ. പലസ്തീൻ വിഷയത്തിലെ നിലപാട് രാജ്യത്തിന്റെ വിദേശ ബന്ധങ്ങളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് പാർട്ടിക്ക് മനസ്സിലാകുന്നില്ലേയെന്നും കോടതി ചോദിച്ചു.
എന്നാൽ വിദേശ നയത്തിന് എതിരാണെങ്കിൽക്കൂടി പൗരൻമാർക്ക് പ്രതിഷേധിക്കാൻ അവകാശമില്ലേയെന്ന് സിപിഎമ്മിനായി ഹാജരായ മിഹിർ ദേശായ് ആരാഞ്ഞു.
മുംബൈയിലെ ആസാദ് മൈതാനിയിൽ 2025 ജൂൺ 17-ന് പ്രതിഷേധം നടത്താൻ അനുമതി തേടി ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഫൗണ്ടേഷൻ (എഐപിഎസ്എഫ്) സമർപ്പിച്ച അപേക്ഷ മുംബൈ പോലീസ് നിരസിച്ചതായി രേഖയിൽ നിന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. തങ്ങളുടെ മുമ്പാകെയുള്ള ഹർജിക്കാരൻ, അതായത് സിപിഐ (മാർക്സിസ്റ്റ്) സിറ്റി പോലീസിന് മുന്നിൽ അത്തരമൊരു അപേക്ഷ നൽകിയിട്ടില്ലെന്നും പകരം ഹർജിയിൽ എഐപിഎസ്എഫിന്റെ അപേക്ഷ നിരസിച്ച ഉത്തരവിനെ മാത്രമേ ചോദ്യം ചെയ്യുന്നുള്ളൂവെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടി.ഈ കാരണത്താൽ, ഇപ്പോഴത്തെ ഹർജി നിലനിൽക്കില്ലെന്ന് ബെഞ്ച് വിലയിരുത്തി തള്ളിക്കളയുകയായിരുന്നു.
മനുഷ്യാവകാശ കൂട്ടായ്മ എന്ന് അവകാശപ്പെടുന്ന ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം 17ന് നടത്താനിരുന്ന റാലിക്ക്, വിദേശ നയത്തിനു കോട്ടം തട്ടുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചത്.















