തിരുവനന്തപുരം: പാങ്ങോട് സൈനിക കേന്ദ്രത്തിൽ കാർഗിൽ വിജയ് ദിവസിന്റെ 26-ാം വാർഷികം ആഘോഷിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത ഗവർണർ വിശ്വനാഥ് അർലേക്കർ പാങ്ങോട് സൈനിക കേന്ദ്രത്തിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.
പാങ്ങോട് സൈനിക കേന്ദ്രം സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, വിമുക്തഭടന്മാർ, സൈനികർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ഗവർണർ വിമുക്തഭടന്മാരുമായി സംവദിച്ചു.
കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ നേടിയെടുത്ത വിജയത്തെ അനുസ്മരിക്കാനായാണ് ജൂലൈ 26 ന് കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നത്. 1999 ലെ കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന്റെ പ്രതിരോധത്തിനായി ജീവൻ ബലിയർപ്പിച്ച എല്ലാ സായുധ സേനാംഗങ്ങളുടെയും നിത്യസ്മരണയ്‌ക്കായി ഈ ദിനം സമർപ്പിച്ചിരിക്കുന്നു.















