ലക്നൗ: മതപരിവർത്തന റാക്കറ്റിന്റെ മുഖ്യസൂത്രധാരൻ ചങ്കൂർ ബാബയുടെ സഹോദരിയുടെ മകന്റെ വീട് പൊളിച്ചുമാറ്റി. അനധികൃതമായി നിർമിച്ച ഉത്തർപ്രദേശ് ബൽറാംപൂരിലുള്ള കെട്ടിടമാണ് ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റിയത്. ഈ വീട് പൊതുസ്വത്ത് കയ്യേറി നിർമിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഗൈൻഡാസ് ബുജുർഗ് പൊലീസ് സ്റ്റേഷന് സമീപത്ത് സ്ഥിതിചെയ്യുന്ന വീടാണ് പൊളിച്ചത്.
പല തവണ മുന്നറിയിപ്പ് നൽകിയിട്ടും പൊളിച്ചുമാറ്റാനോ മറ്റ് പ്രതികരണങ്ങൾക്കോ കുടുംബം തയാറാകാത്തതോടെയാണ് കെട്ടിടം പൊളിച്ചാൻ തയാറായത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് കെട്ടിടം പൊളിച്ചുനീക്കിയത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുതകർക്കുകയായിരുന്നു.
ചങ്കൂർ ബാബയുടെ സംഘവുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ദുബായ്, സൗദി അറേബ്യ, തുർക്കി എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളുമായി ചങ്കൂർ ബാബയ്‌ക്കും സംഘത്തിനും ബന്ധമുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹിന്ദു സ്ത്രീകളെ ലക്ഷ്യമിട്ടാണ് മതപരിവർത്തന റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. ആഗ്രയിൽ നിന്ന് രണ്ട് സഹോദരിമാരുടെ ദുരൂഹമായ തിരോധാനത്തിന് പിന്നാലെയാണ് ഈ ക്രിമിനൽ സംഘത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നത്.
ചങ്കൂർ ബാബയെയും സഹായി നീതു എന്ന നസ്രീനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പേരിലുള്ള സ്വത്തുക്കൾ കേന്ദ്രീകരിച്ചും ഭീകരവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണം നടത്തുന്നുണ്ട്.















