ഹൈന്ദവജനതയ്‌ക്ക് ഏറെ പ്രാധാന്യമുള്ള മാസമാണ് കർക്കിടകമാസം.
കർക്കിടകമാസത്തെ രാമായണമാസമെന്നും പറയുന്നു. ഈ പൂണ്യനാളുകളിൽ ഏറെ പ്രാധാന്യം നൽക്കുന്ന മറ്റൊന്നാണ് ദശപുഷ്പങ്ങൾ. ഔഷധമൂല്യമുള്ളതും കേരളത്തിൽ സുലഭമായി ലഭിച്ചിരുന്നതുമായ പത്ത് നാട്ടുചെടികളെയാണ് ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്.
വിഷ്ണുക്രാന്തി, കറുക, മുയൽച്ചെവിയൻ, തിരുതാളി, ചെറൂള, നിലപ്പന, കയ്യോന്നി, പൂവാംകുരുന്നില, മുക്കുറ്റി, ഉഴിഞ്ഞ എന്നിവയാണ് ദശപുഷപങ്ങൾ. ഓരോ ചെടിക്കും ഔഷധഗുണങ്ങളേറെയാണ്. ഇവ കർക്കിടക ചികിത്സയ്‌ക്കായി കൂടുതലായും ഉപയോഗിക്കുന്നു. ഇവയുടെ ഇലകൾക്കാണ് ഔഷധഗുണം കൂടുതലായിയുള്ളത്. മാത്രവുമല്ല പല മംഗളകർമങ്ങൾക്കും ഇവ ഉപയോഗിക്കുന്നുണ്ട്. ഹൈന്ദവസ്ത്രീകൾ തലയിൽ ചൂടാനും ദശപുഷ്പങ്ങൾ ഉപയോഗിക്കുന്നു. ഇവ രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലതാണെന്നാണ് വിശ്വാസം. കർക്കിടക കഞ്ഞിയിലും ദശപുഷ്പങ്ങളിടുന്ന പതിവുണ്ട്.
‘വിഷ്ണുഭഗവാന്റെ കാൽ’ എന്നർത്ഥം വരുന്ന വിഷ്ണുക്രാന്തി ഗർഭധാരണശേഷി വർദ്ധിപ്പിക്കുന്ന ഔഷധമായി ഉപയോഗിക്കാറുണ്ട്. ഉദര രോഗങ്ങൾക്കും ബുദ്ധിശക്തി വർദ്ധിപ്പിക്കാനും, ഓർമ ശക്തിക്കും ഇവ ഉപയോഗിക്കാറുണ്ട്. നട്ടെല്ലിനും തലച്ചോറിനും ഞരമ്പുകൾക്കും ഉണ്ടാകുന്ന രോഗങ്ങൾക്ക് കറുകനീര് ഉപയോഗിച്ച് വരുന്നു. തൊണ്ട സംബന്ധമായ രോഗങ്ങൾക്കും, ചെന്നിക്കുത്ത്, പനി തുടങ്ങിയ രോഗങ്ങൾക്കും മുയൽചെവിയൻ സാധാരണയായി ഉപയോഗിക്കുന്നു. ദശപുഷ്പ്പങ്ങളിൽപ്പെടുന്ന തിരുതാളിക്ക് ചെറുതാളി എന്നും പേരുണ്ട്. സ്ത്രീകൾക്കുണ്ടാകുന്ന വന്ധ്യതയ്‌ക്കും, ഗർഭപാത്രസംബന്ധമായ അസുഖങ്ങൾക്കും ഇവ ഉപയോഗിക്കുന്നു. പിത്തരോഗങ്ങൾക്കും തിരുതാളി മരുന്നാണ്.
കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന കുറ്റിച്ചെടിയായ ചെറൂള ശരീരത്തിലെ വിഷാംശങ്ങളെ പുറത്തുകളയുന്നതിനും വൃക്കരോഗങ്ങൾ തടയുന്നതിനും ഫലപ്രദമായ മരുന്നാണ്. രക്തസ്രാവത്തിനും, കൃമിശല്യം, മൂത്രക്കല്ല് എന്നിവ പരിഹരിക്കുന്നതിനും ഇവ ഉപയോഗിക്കാറുണ്ട്. മഞ്ഞപിത്തം ഇല്ലാതാക്കാനായി നിലപ്പനയുടെ കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കൊടുക്കാറുണ്ട്. ആർത്തവസംബന്ധമായ രോഗങ്ങൾക്കും, വേദന, അമിത രക്തസ്രാവം മുതലായവയ്‌ക്കും യോനീരോഗങ്ങൾക്കും ഇവ പ്രതിവിധിയാണ്. വാതസംബന്ധമായ രോഗങ്ങൾക്കുപയോഗിക്കുന്ന ഔഷധസസ്യമാണ് കയ്യോന്നി. ഇതിനെ കഞ്ഞുണ്ണി എന്നും അറിയപ്പെടുന്നു. മുടി വളരാനും കാഴ്ച ശക്തിക്കും ഇവ നല്ലതാണ്. മാത്രവുമല്ല കഫരോഗ ശമനത്തിനും കരളിനും ഇത് ഉപയോഗിച്ചുവരുന്നു.
ആയുർവേദ ചികിത്സയിലും നാട്ടുവൈദ്യത്തിലും വളരെ പ്രാധാന്യമുള്ള ദശപുഷ്പങ്ങളിൽ ഒന്നാണ് പൂവാം കുറുന്തൽ. പനി, മലമ്പനി, അർശസ്, തേൾവിഷം, എന്നിവയ്‌ക്കും നേത്ര ചികിത്സയ്‌ക്കും ഇവ ഉപയോഗിക്കാറുണ്ട്. മുക്കുറ്റി മലയാളികൾക്ക് ഏറെ സുപരിചിതമായ ചെടിയാണ്. വാത, പിത്ത ദോഷങ്ങൾക്കും പനി, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ എന്നിവയ്‌ക്കെല്ലാം മുക്കുറ്റി ഉപയോഗിക്കാറുണ്ട്. ഇവയ്‌ക്ക് അണുനാശന സ്വഭാവവും രക്തപ്രവാഹം തടയാനുള്ള കഴിവുമുണ്ട്. അൾസറിനും മുറിവുകൾക്കും ഇത് ഔഷധമാണ്. ഇവ വിഷഹാരിയായും ഉപയോഗിച്ച് വരുന്നു. മുടി കൊഴിച്ചിൽ, നീര്, വാതം, പനി എന്നിവയ്‌ക്ക് ഇവ ഉപയോഗിക്കുന്നു. സുഖപ്രസവത്തിനും ഇത് ഉത്തമമാണ്.
ദശപുഷ്പ്പങ്ങളിൽ ഓരോന്നിനും ഓരോ ദേവതാ സങ്കല്പങ്ങളുണ്ടെന്നാണ് വിശ്വാസം. പൂജാകർമങ്ങൾക്കും മാലകെട്ടുന്നതിനും ബലികർമങ്ങളിലും ഇവ ഉപയോഗിക്കുന്നു. ആയുർവേദ ചികിത്സയിലും കർക്കിടകമാസത്തിലും ദശപുഷ്പങ്ങൾ മുൻപന്തിയിലാണ്. ഇവ കേരളീയ സംസ്കാരത്തിന്റെ കൂടെ ഭാഗമായി നിലകൊള്ളുന്നു.















