ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മോദിയുടെ ദ്വിദിന സന്ദർശനത്തിലൂടെ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം ശക്തമായെന്ന് മുഹമ്മദ് മുയിസു എക്സിൽ കുറിച്ചു.
മാലദ്വീപിന്റെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്‌ക്ക് സഹായിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് മുഹമ്മദ് മുയിസു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടെ ടൂറിസം മേഖല കൂടുതൽ വളരും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടപാടുകൾ വർദ്ധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
കഴിഞ്ഞ 11 വർഷമായി ഇന്ത്യ- മാലദ്വീപ് ബന്ധം കെട്ടിപ്പടുക്കുന്നതിൽ പ്രധാനമന്ത്രി നിർണായക പങ്കുവഹിക്കുന്നു. മാലദ്വീപും ഇന്ത്യയും തമ്മിൽ നൂറ്റാണ്ടുകൾ നീണ്ട അടുത്ത ബന്ധമാണ്. അദ്ദേഹത്തിന്റെ നേതൃത്വവും സഹകരണവും വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച വിവിധ കരാറുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇത്തരം കരാറുകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മുന്നോട്ടുപോകാൻ സഹായിക്കുമെന്നും മുഹമ്മദ് മുയിസു മാദ്ധ്യമങ്ങളോട് പറഞ്ഞു.















