തിയേറ്ററിൽ വച്ച് നിർമാതാവിനെ പരസ്യമായി മർദ്ദിച്ച് നടി. നടിയും മോഡലുമായ രുചി ഗുജ്ജറാണ് പ്രശസ്ത നിർമാതാവ് കരൺ സിംഗിനെ മർദ്ദിച്ചത്. 23 ലക്ഷം രൂപ തന്നിൽ നിന്നും തട്ടിയെടുത്തെന്ന് ആരോപിച്ചാണ് നടിയുടെ പരസ്യ മർദ്ദനം. ബോളിവുഡ് ചിത്രം സോ ലോങ് വാലിയുടെ നിർമാതാവാണ് കരൺ സിംഗ്.
ആളുകൾക്കിടയിൽ വച്ച് കരൺ സിംഗിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചെരിപ്പുകൊണ്ടാണ് രുചി മർദ്ദിച്ചത്. കയ്യിൽ പ്ലക്കാർഡുകളുമായി ഒരു സംഘം ആളുകളോടൊപ്പമാണ് രുചി സ്ഥലത്തെത്തിയത്. തുടർന്ന് തിയേറ്ററിന് മുന്നിൽവച്ച് നിർമാതാവിനെ മർദ്ദിക്കുകയായിരുന്നു.
ഒരു ടെലിവിഷൻ പ്രോഗ്രാമിന്റെ പേര് പറഞ്ഞാണ് രുചിയിൽ നിന്ന് കരൺ സിംഗ് തുക കൈപ്പറ്റിയത്. എന്നാൽ ആ പ്രോജക്ട് യാഥാർത്ഥ്യമായില്ലെന്നും തന്റെ പണം നഷ്ടമായിയെന്നും രുചി ആരോപിച്ചു. തുടർന്നാണ് പ്രതിഷേധവുമായി തിയേറ്ററിലെത്തിയത്. സംഭവത്തിൽ രുചി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.















