ന്യൂഡൽഹി: സിയാച്ചിനിൽ വിന്യസിച്ചിരിക്കുന്ന കശ്മീർ റൈഫിൾസിലെ ജവാന്മാരെ സന്ദർശിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള കരസേന മേധാവിയുടെ ആദ്യ സന്ദർശനമാണിത്. റൈഫിൾസിലെ ജവാന്മാരുമായും ഉദ്യോഗസ്ഥരുമായും കരസേന മേധാവി സംവദിച്ചു.
ഉപേന്ദ്ര ദ്വിവേദിക്ക് ഇതൊരു സവിശേഷത നിറഞ്ഞ സന്ദർശനമായിരുന്നു. ആദ്യ കാലങ്ങളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്ന ബറ്റാലിയനിലെ ജവാന്മാരുമായി അദ്ദേഹം സംവദിച്ചു. ഏഴ് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരുമായി കരസേന മേധാവി വീണ്ടും ഒത്തുച്ചേർന്നു. ജവാന്മാരുമായി ഏറെനേരം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
സിയാച്ചിനിലെ മഞ്ഞുമൂടിയ മലകൾക്കിടയിൽ സൈനികരുമായി വീണ്ടും ഒത്തുച്ചേരാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഉപേന്ദ്ര ദ്വിവേദി എക്സിൽ കുറിച്ചു.
കഴിഞ്ഞ ദിവസം , 26-ാമത് കാർഗിൽ വിജയ് ദിവസിനോടനുബന്ധിച്ച് നടന്ന പരിപാടിയിൽ കരസേന മേധാവി പങ്കെടുത്തിരുന്നു. രുദ്ര എന്ന പേരിൽ സർവ്വായുധ ബ്രിഗേഡ് രൂപീകരിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.















