ആഗ്ര: ഉത്തർപ്രദേശിൽ ആഗ്ര പൊലീസ് അറസ്റ്റ് ചെയ്ത മതപരിവർത്തന റാക്കറ്റിന് അന്താരാഷ്‌ട്ര ഭീകര ബന്ധം. പ്രതികൾ പാകിസ്ഥാനിലുള്ളവരുമായി നിരന്തരം ആശയ വിനിമയം നടത്തിയതിനും, വിദേശ ഫണ്ട് സ്വീകരിച്ചതിനും തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.
ആഗ്രയിൽ പിടിയിലായ മതപരിവർത്തന റാക്കറ്റിലെ പ്രധാനി അബ്ദുൽ റഹ്മാനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. റഹ്മാന്റെ ഡൽഹിയിലെ വസതിയിൽ നടത്തിയ റെയ്ഡിൽ ഹരിയാന സ്വദേശിയായ മമത എന്ന യുവതിയെ പോലീസ് രക്ഷപ്പെടുത്തിയിരുന്നു.
പ്രധാനപ്രതി അബ്ദുൽ റഹ്മാന്റെ നേതൃത്വത്തിലാണ് ആൺകുട്ടികളെയും പെൺകുട്ടികളെയും ഇസ്ലാമിലേക്ക് മതം മാറ്റിയത്. യുപിയിലെ റായ്ബറേലി, അലിഗഢ്, ഹരിയാനയിലെ ഝെജർ, റോത്തഗ്, ഡൽഹി, ഡെറാഡൂൺ എന്നി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് മതപരിവർത്തനം നടന്നത്. പാക് യുവാക്കളെ ഉപയോഗിച്ച് പ്രണയം നടിച്ച് പ്രലോഭിപ്പിച്ചും വിവാഹം വാഗ്ദാനം ചെയ്തുമാണ് പെൺകുട്ടികളെ മതം മാറ്റിയത്. തീവ്രമത പ്രഭാഷണങ്ങളും പുസ്തകങ്ങളും ഉപയോഗിച്ച് ബ്രെയിൻ വാഷ് ചെയ്താണ് ആൺകുട്ടികളെ മതം മാറ്റിയിരുന്നതെന്ന് അബ്ദുൽ റഹ്മാൻ മൊഴി നൽകി.
അബ്ദുൽ റഹ്മാന്റെയും ഇസ്ലാമിലേക്ക് മതം മാറിയ ഗോവ സ്വദേശി ആയിഷയുടെ നേതൃത്വത്തിലാണ് റാക്കറ്റ് പ്രവർത്തിച്ചിരുന്നത്. സോഷ്യൽ മീഡിയ, ഓൺലൈൻ ഗെയിം എന്നിവ മുഖേനെയാണ് പാകിസ്ഥാനിലുള്ളവരുമായി ഇവർ ബന്ധപ്പെട്ടത്. ഓപ്പറേഷൻ ഉമ്മത്ത് എന്ന പേരിലുള്ള റാക്കറ്റിന്റെ സ്ലീപ്പർ സെല്ലായി നിരവധിപേർ പ്രവർത്തിച്ചിരുന്നു. അബ്ദുൾ റഹ്മാന്റെ അനന്തരവൻ ലണ്ടൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇയാൾ വഴിയും പണം എത്തിയെന്നാണ് വിവരം. പ്രതികൾ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ യുപി പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.















