തിരുവനന്തപുരം: ശബരിമലയിലേക്ക് ട്രാക്ടറിൽ യാത്ര ചെയ്ത സംഭവത്തിൽ എഡിജിപി എം ആർ അജിത് കുമാറിനെ എക്സൈസിലേക്ക് മാറ്റി. എക്സൈസ് ഹൈക്കമ്മീഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ചതിനെ തുടർന്നുള്ള ഒഴിവിലേക്കാണ് അജിത് കുമാറിനെ മാറ്റുന്നത്.
ജൂലൈ 12,13 ദിവസങ്ങളിലാണ് അജിത് കുമാർ ട്രാക്ടറിൽ ശബരിമലയിലേക്ക് യാത്ര ചെയ്തത്. അജിത് കുമാർ ഉൾപ്പെടെ നാല് പേരാണ് ട്രാക്ടറിൽ ഉണ്ടായിരുന്നത്. ഇതിന്റ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നതോടെ എഡിജിപി കുടുങ്ങുകയായിരുന്നു.
സന്നിധാനത്ത് നവഗ്രഹ വിഗ്രഹ പ്രതിഷ്ഠ നടന്ന ദിവസമാണ് എഡിജിപി ശബരിമലയിൽ എത്തിയത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറിലായിരുന്നു യാത്ര. പമ്പ-സന്നിധാനം പാതയിൽ ചരക്ക് നീക്കത്തിന് മാത്രമാണ് ട്രാക്ടർ ഉപയോഗിക്കുന്നത്. ഡ്രൈവറല്ലാതെ മറ്റൊരാളും ആ ട്രാക്ടറിൽ ഉണ്ടാകാൻ പാടില്ല എന്നതാണ് നിയമം. എന്നാൽ ഈ നിയമങ്ങളൊക്കെ കാറ്റിൽ പറത്തിയായിരുന്നു എഡിജിപി ട്രാക്ടറിൽ മല കയറിയത്.
സംഭവം വിവാദമായതോടെ ഹൈക്കോടതി വിഷയത്തിൽ ഇടപ്പെട്ടിരുന്നു. എഡിജിപി നടത്തിയത് ഗുരുതര നിയമലംഘനമാണെന്ന് ഹൈക്കോടതി വിമർശിച്ചു.















