ന്യൂഡൽഹി: യെമനിൽ തടവിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് കേന്ദ്രസർക്കാർ. ചില വ്യക്തികൾ പ്രചരിപ്പിക്കുന്ന വിവരങ്ങൾക്ക് അടിസ്ഥാനമില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
കാന്തപുരം എ. പി അബൂബക്കർ മുസ്ല്യാലാരുടെ ഓഫീസാണ് ഇത് സംബന്ധിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചത്. ഇന്നലെ രാത്രിയാണ് കാന്തപുരത്തിന്റെ ഓഫീസിൽ നിന്നുള്ള അറിയിപ്പ് മുഖ്യധാര മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രത്യക്ഷപ്പെട്ടത്.
നേരത്തെ തന്നെ വിഷയത്തിലുള്ള പുരോഗതി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. വധശിക്ഷ നീട്ടിവെക്കാനുള്ള തീരുമാനം യെമനിലെ കോടതി എടുത്തിരുന്നെന്നും മരിച്ചയാളുടെ കുടുംബവും നിമിഷപ്രിയയുടെ കുടുംബവും തമ്മിൽ നടക്കുന്ന ചർച്ചയിലൂടെ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയൂ എന്ന് മന്ത്രാലയം അറിയിച്ചിരുന്നു. ഇതിനായ സൗഹൃദ രാഷ്‌ട്രങ്ങൾ വഴി ശ്രമം നടത്തുന്നുണ്ട്. മാത്രമല്ല നിയമസഹായവും നൽകുന്നുണ്ട്. ഇതിനായി ഏതറ്റം വരെ പോകാൻ സാധിക്കുമോ അതിൽ എത്തിനിൽക്കുകയാണെന്നും മന്ത്രാലയ വക്താവ് അറിയിച്ചിരുന്നു.















