തിരുവനന്തപുരം : കൊല്ലവർഷം 1200 , കർക്കടകത്തിലെ നിറപുത്തിരി ചടങ്ങ് ജൂലൈ 30 ബുധനാഴ്ച. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ രാവിലെ 5.30-ന് നിറപുത്തിരി ചടങ്ങുകൾ നടക്കും. നഗരസഭയുടെ നേതൃത്വത്തിൽ നിറപുത്തിരി ചടങ്ങുകൾക്കായി പ്രത്യേകം കൃഷിചെയ്ത കതിർക്കറ്റകൾ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെത്തിച്ചു.
ബുധനാഴ്ച രാവിലെ പദ്മതീർഥക്കുളത്തിന്റെ തെക്കേ കൽമണ്ഡപത്തിൽനിന്ന് തിരുവമ്പാടി കുറുപ്പ് കതിർക്കറ്റകൾ തലയിലേറ്റി എഴുന്നള്ളിക്കും. കിഴക്കേ നാടകശാല മുഖപ്പിൽ ആഴാതി പുണ്യാഹം ചെയ്തശേഷം തലച്ചുമടായി ശീവേലിപ്പുരയിലൂടെ പ്രദക്ഷിണംവെച്ച് അഭിശ്രവണ മണ്ഡപത്തിലെ ദന്തം പതിച്ച സിംഹാസനത്തിൽ കൊണ്ടുവെക്കും. തുടർന്ന് കതിർപൂജയാണ് . ക്ഷേത്രം പെരിയനമ്പിയാണ് കതിർപൂജ നിർവഹിക്കുന്നത്. പിന്നീട് ശ്രീപദ്മനാഭസ്വാമിയുടെയും ഉപദേവന്മാരുടെയും ക്ഷേത്രങ്ങളിൽ കതിർ നിറയ്‌ക്കും. രാവിലെ അവൽ നിവേദ്യവും ഉണ്ടായിരിക്കും. നിറച്ച കതിരുകളും നേദിച്ച അവലും ഭക്തർക്ക് മുൻകൂറായി ബുക്കുചെയ്യാവുന്നതാണ്.

മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ കിഴക്കേനടയിലെത്തിച്ച നെൽക്കതിരുകൾ ക്ഷേത്രം ഭരണ സമിതി അംഗം കരമന ജയൻ, എക്‌സിക്യുട്ടീവ് ഓഫീസർ ബി. മഹേഷ് എന്നിവർ ഏറ്റുവാങ്ങി. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ടു നിന്ന് എത്തിക്കുന്ന നെൽക്കതിരുകളും നിറപുത്തിരിക്ക് ഉപയോഗിക്കും.
ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ നിറയും പുത്തിരിയും 30-ന് രാവിലെ 5.30-ന് നടക്കും. ഇതിനോടനുബന്ധിച്ച് പൂജാസമയത്തിൽ മാറ്റമുണ്ടാകും. രാവിലെ 3-ന് പള്ളിയുണർത്തൽ, 3.30-ന് നടതുറക്കൽ, 5.15-ന് ഉഷഃപൂജ, 5.30-ന് നിറപുത്തിരി. തുടർന്ന് പതിവു പൂജകൾ നടക്കും.
വഞ്ചിയൂർ ഋഷിമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നിറപുത്തിരി 30-ന് രാവിലെ 7.30-ന് മേൽശാന്തി ശങ്കരസുബ്ബന്റെ കാർമികത്വത്തിൽ നടക്കും.
മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിറയും പുത്തിരിയും ചടങ്ങ് ബുധനാഴ്ച രാവിലെ 5.30 മുതൽ 6.30 വരെ നടക്കും. ദേവന് സമർപ്പിച്ച നെൽക്കതിരുകൾ ഭക്തർക്ക് ക്ഷേത്ര മേൽശാന്തി കെ.വിഷ്ണുപോറ്റിയുടെ കാർമികത്വത്തിൽ വിതരണം ചെയ്യും.















