കൊല്ലം: ഷാർജയിൽ ഭർതൃപീഡനത്തെ തുടർന്ന് മകളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. മരിച്ച വിപഞ്ചികയുടെ ഭർത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു, അച്ഛൻ മോഹനൻ എന്നിവർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. യുവതിയുടെ ആത്മഹത്യയ്‌ക്ക് പിന്നാലെ ഗുരുതര ആരോപണങ്ങളാണ് നിതീഷിനും ഭർതൃവീട്ടുകാർക്കുമെതിരെ ഉയർന്നത്. താൻ അനുഭവിച്ച കാര്യങ്ങളൊക്കെ ആത്മഹത്യകുറിപ്പിൽ എഴുതിവച്ചാണ് വിപഞ്ചിക ജീവനൊടുക്കിയത്.
ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിപഞ്ചികയുടെ അമ്മ ഷൈലജ നിതീഷിനും കുടുംബത്തിനുമെതിരെ പരാതി നൽകുകയായിരുന്നു. ജൂലൈ ഒമ്പതിനാണ് വിപഞ്ചികയെയും ഒന്നര വയസുള്ള മകൾ വൈഭവിയെയും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജൂലൈ 23-ന് വിപഞ്ചികയുടെ മൃതദേഹം കേരളത്തിലെത്തിച്ചിരുന്നു. മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിലാണ് സംസ്കരിച്ചത്. തനിക്ക് യാത്രാ വിലക്കുള്ളതിനാല്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍ സംസ്കരിക്കണമെന്ന വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിന്‍റെ ആവശ്യപ്രകാരമായിരുന്നുയിത്.















