എറണാകുളം : തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ പോപ്പുലർ ഫ്രണ്ട് ഭീകരൻ ഷഫീറിന് ജാമ്യമില്ല. ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഷഫീറിന്റെ അപ്പീൽ ഹൈക്കോടതി തള്ളി.
ജോസഫ് മാഷിന്റെ കൈ വെട്ടിയ കേസിലെ മുഖ്യപ്രതി മുസ്‌ലിം തീവ്രവാദിയായ സവാദിന് സഹായം ചെയ്തയാളാണ് ഷഫീർ. ഷഫീറിനെതിരായ ആരോപണം പ്രഥമ ദൃഷ്ട്യാ ശരിയെന്ന് ഹൈക്കോടതി വിലയിരുത്തി. കൂടാതെ ഗുരുതര സ്വഭാവമുള്ള മറ്റ് നാല് കേസുകളിലും പ്രതിയാണ് ഷഫീർ.
പ്രതിയ്‌ക്കെതിരായ കുറ്റത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുക്കുന്നുവെന്ന് കോടതി പറഞ്ഞു. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലമടക്കം കണക്കിലെടുക്കുമ്പോൾ ജാമ്യം നൽകാനാകില്ലെന്നും ഹൈക്കോടതിനിരീക്ഷിച്ചു.
പ്രൊഫസർ ടിജെ ജോസഫിനെതിരായ ആക്രമണത്തിലെ മുഖ്യപ്രതിയായ സവാദിനെ ഷഫീർ അറിഞ്ഞുകൊണ്ട് ഒളിപ്പിച്ച് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച് നൽകിയതായി എൻഐഎയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
2010-ൽ തൊടുപുഴയിലെ ന്യൂമാൻ കോളേജിലെ മലയാളം വിഭാഗം മേധാവിയായിരുന്ന പ്രൊഫസർ ജോസഫിനെ എറണാകുളം മൂവാറ്റുപുഴയിൽ വെച്ച് മുസ്ളീം തീവ്രവാദികൾ ആക്രമിച്ചതോടെയാണ് കേസ് ആരംഭിക്കുന്നത്. അദ്ദേഹം തയ്യാറാക്കിയ ചോദ്യപേപ്പറിൽ ഇസ്ലാമിക വീക്ഷണത്തിൽ
ദൈവനിന്ദ ഉണ്ടെന്നാരോപിച്ച് അതിനു പ്രതികാരമായി നടത്തിയ ആക്രമണത്തിലാണ് ടി ജെ ജോസഫിന്റെ കൈ വെട്ടിയത്.















