ശ്രീനഗർ: കശ്മീരിൽ രണ്ട് പാക് ഭീകരരെ വധിച്ച് സുരക്ഷാസേന. ഭീകരർ പൂഞ്ച് ജില്ലയിലെ അതിർത്തി വഴി ഇന്ത്യയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാസേന ഓപ്പറേഷൻ നടത്തിയത്. അതിർത്തിക്ക് സമീപത്തായി സംശയാസ്പദമായ രീതിയിൽ രണ്ട് പേരെ കാണുകയായിരുന്നു. തുടർന്നുള്ള നിരീക്ഷണത്തിനൊടുവിലാണ് ഭീകരരെ വധിച്ചത്.
അതിർത്തി പ്രദേശത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൂടാതെ അതിർത്തി ഗ്രാമങ്ങളിൽ കൂടുതൽ സുരക്ഷാസേനയെയും വിന്യസിച്ചു. ഓപ്പറേഷൻ ഇപ്പോഴും സജീവമായി തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ദിവസം പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഷിം മൂസ ഉൾപ്പെടെ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഭീകരർ ഉപയോഗിച്ചിരുന്ന സാറ്റ്ലൈറ്റ് ഫോണുമായി ബന്ധിപ്പിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷൻ മഹാദേവിലൂടെ ഭീകരരെ വകവരുത്തുകയായിരുന്നു.















