ബാർബി ഡോളുകളുടെ സൃഷ്ടാക്കളായ മാരിയോ പഗ്ലിനോയും ജിയാനി ഗ്രോസിയും ഇറ്റലിയിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഞായറാഴ്ചയാണ് അപകടം നടന്നത്. 82 കാരൻ തെറ്റായ ദിശയിൽ ഓടിച്ച കാർ ഇവർ സഞ്ചരിച്ച വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പഗ്ലിനോ (52), ഗ്രോസി (55), ബാങ്ക് ജീവനക്കാരിയായ അമോഡിയോ വലേരിയോ ഗിയുർണി (37) എന്നിവർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അപകടത്തിന് ഇടയാക്കിയ കാറോടിച്ച വൃദ്ധനും മരിച്ചു.
1999-ലാണ് ഗ്ലിനോയും ഗ്രോസിയും ചേർന്ന് മാഗ്നിയ 2000 എന്ന കമ്പനി സ്ഥാപിച്ചത്. കസ്റ്റം മെയ്ഡ് ബാർബി ഡോളുകളാണ് ഇവർ പ്രധാനമായും നിർമിച്ചത്. ഗായകരായ ചെർ, ലേഡി ഗാഗ, നടിമാരായ സാറാ ജെസീക്ക പാർക്കർ, സോഫിയ ലോറൻ തുടങ്ങി നിരവധി സെലിബ്രിറ്റി പാവകൾ ഇവരുടെ കരവിരുതിൽ പുറത്തുവന്നിട്ടുണ്ട്. പ്രൊഫഷണൽ ബന്ധത്തിന് പുറമേ ഇരുവരും പങ്കാളികളാണെന്നും റിപ്പോർട്ടുണ്ട്.
ഇരുവരുടെയും വിയോഗം ബാർബിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലും പങ്കുവെച്ചിട്ടുണ്ട്. ബാർബി ലോകത്തിന് വിലമതിക്കാനാവാത്ത സ്രഷ്ടാക്കളെയാണ് നഷ്ടമായതെന്നും മാരിയോ പഗ്ലിനോയുടെയും ജിയാനി ഗ്രോസിയുടെയും വിയോഗത്തിൽ ബാർബി ടീം ഹൃദയം തകർന്നിരിക്കുന്നിരിക്കുകയാണെന്നും അനുശോചന സന്ദേശത്തിൽ പറയുന്നു.















