തൃശ്ശൂർ: മനുഷ്യക്കടത്ത് കേസില്‍ കേരള പോലീസ് പ്രതികളാക്കിയ രണ്ട് കന്യാസ്ത്രീകളെ കോടതി കുറ്റവിമുക്തരാക്കി.2022 ൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ധൻബാദ് ആലപ്പി എക്സ്പ്രസിൽ ജാർഖണ്ഡിൽ നിന്നുള്ള 3 കുട്ടികളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് രണ്ട് കന്യാസ്ത്രീകൾക്കെതിരെ കേസെടുത്തത്. ട്രെയിനിൽ മൂന്ന് പെൺ കുട്ടികളുമായി ഇവർ വരുന്നത് കണ്ട് CWC ക്ക് തൃശ്ശൂർ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കേസടുത്തത്.
എന്നാൽ മനുഷ്യക്കടത്ത് വകുപ്പുകൾ ചുമത്തി കേസിൽ ഉൾപ്പെട്ട രണ്ട് കന്യാസ്ത്രീകളെ തൃശൂർ അഡീഷണൽ സേഷൻസ് കോടതി കഴിഞ്ഞദിവസം കുറ്റവിമുക്തരാക്കി. തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നിര്‍ണായക തെളിവുകള്‍ ഒന്നും തന്നെ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്നു നിരീക്ഷിച്ച് സെഷന്‍സ് ജഡ്ജി കെ. കാമനീസ് ആണ് ഇരുവരേയും കുറ്റവിമുക്തരാക്കിയത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ (IPC) 370-ാം വകുപ്പ് ഉൾപ്പെടെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസ് തെളിവുകളുടെ അഭാവത്തിൽ നിലനിൽക്കാനാവാത്തതായി കോടതി കണ്ടെത്തി. അമ്പക്കാട് സെന്റ് ജോസഫ് കോൺവെന്റിലെയും പൂമല ഫാത്തിമ കോൺവെന്റിലെയും മദർ സുപ്പീരിയേഴ്സിനെതിരായിരുന്നു കേസ്.















