എറണാകുളം : തെരുവുനായ്‌ക്കളുടെ ദയാവധത്തിൽ സർക്കാർ എടുത്ത തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു.ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ തെരുവുനായ്‌ക്കളെ ദയാവധത്തിന് വിധേയമാക്കാം എന്നായിരുന്നു സർക്കാർ തീരുമാനം.ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെയാണ് ആനിമൽ ഹസ്ബൻഡറി പ്രാക്ടീസസ് ആൻഡ് പ്രൊസീജേർസ് റൂൾസ് സെക്‌ഷൻ 8 (എ) പ്രകാരം പ്രഖ്യാപിച്ച ദയാവധം തടഞ്ഞത്.
സുപ്രീം കോടതി, ഹൈക്കോടതി മുൻ ഉത്തരവുകളുടെയും എബിസി നിയമത്തിന്റെയും അടിസ്ഥാനത്തിൽ ദയാവധം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
തെരുവുനായകളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശവകുപ്പ് ഈ മാസം പ്രഖ്യാപിച്ച നടപടികളുടെ ഭാഗമായാണ് മൃഗങ്ങളെ ദയാവധത്തിന് വിധേയമാക്കാമെന്ന തീരുമാനമുണ്ടായത്. രോഗം വന്നതോ, രോഗം പരത്താൻ സാധ്യതയുള്ളതോ ആയ നായകളെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കണ്ടെത്തുന്ന മൃഗങ്ങൾ, ഗുരുതരമായി പരുക്കേൽക്കുകയോ ജീവിക്കാൻ സാധ്യതയില്ലെന്ന് വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തുന്ന മൃഗങ്ങൾ എന്നിവയെ ദയാവധം നടത്താം എന്നായിരുന്നു തദ്ദേശവകുപ്പ് തീരുമാനം. എന്നാൽ 2023ലെ എബിസി നിയമത്തിൽ പറഞ്ഞിരിക്കുന്നത് പേവിഷബാധയുണ്ടെന്ന് കണ്ടാൽ നായകള്‍ക്ക് സ്വാഭാവികമായി ജീവൻ നഷ്ടമാകുന്നതു വരെ ഏകാന്തമായി പാർപ്പിക്കണം എന്നാണ്. സാധാരണ ഗതിയിൽ 10 ദിവസങ്ങൾ കൊണ്ട് അവയ്‌ക്ക് ജീവൻ നഷ്ടപ്പെടും. ഇതു സംബന്ധിച്ച കോടതിയുടെ മുൻ ഉത്തരവുകളും ചൂണ്ടിക്കാട്ടിയാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ദയാവധം തടഞ്ഞത്.
തെരുവുനായകൾ ഉയർത്തുന്ന ഭീഷണി മറികടക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്ന വിധത്തിൽ എബിസി നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.















