ലക്നൗ: രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക മതപഠന കേന്ദ്രമായ യുപിയിലെ ദാറുൽ ഉലൂം ദയോബന്ദ് വീണ്ടും വിവാദത്തിൽ. ദാറുൽ ഉലൂം ദിയോബന്ദ് ക്യാമ്പസിൽ സ്ത്രീ പ്രവശനത്തിന് വിലക്കേർപ്പെടുത്തി. പർദ്ദയിടാതെ സ്ത്രീകൾ ക്യാമ്പസിൽ വരുന്നത് വിദ്യാർത്ഥികളുടെ ഏകാഗ്രതയെ ബാധിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.
ഇവിടെ നിന്നും മുഖപടം ധരിക്കാതെ സ്ത്രീകൾ റീലുകൾ നിർമ്മിക്കുന്നുണ്ടെന്ന് അധികൃതർ ചൊവ്വാഴ്ച പറഞ്ഞു. ദാറുൽ ഉലൂമിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലെ വീഡിയോകൾ കണ്ടതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതികൾ ലഭിച്ചു എന്നും അധികൃതർ പറയുന്നു.
രാജ്യമെമ്പാടുമുള്ള ഇസ്ലാമിക മത വിശ്വാസികൾ വലിയ പ്രാധാന്യത്തോടെ കാണുന്ന മതപഠന കേന്ദ്രമാണ് ദാറുൽ ദിയോബന്ദ്. വിവാദമായ ഫത്വകൾ കൊണ്ട് സ്ഥാനം ഇടയ്‌ക്കിടെ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. മതപഠന കേന്ദ്രത്തിന്റെ ഭാഗായ റാഷിദിയ മസ്ജിദിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും പ്രവേശനം നേരത്തെ തന്നെ നിരോധിച്ചിരുന്നു.
2024 മെയ്യിൽ റീലുകൾ ചിത്രീകരിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ക്യാമ്പസിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. കഴിഞ്ഞ നവംബറിൽ ഹിജാബ് ധരിച്ചവർക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് വിലക്ക് മയപ്പെടുത്തിയിരുന്നു. ഇതാണ് വീണ്ടും പുനഃസ്ഥാപിക്കുന്നത്. ഒപ്പം ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, മൊബൈൽ ഫോണുകൾ എന്നിവയ്‌ക്കും നിരോധനമുണ്ട്.















