ന്യൂഡൽഹി: ചെനാബ് നദിയിലെ സവൽകോട്ട് ജലവൈദ്യുത പദ്ധതിക്കായി ഇന്ത്യ അന്താരാഷ്‌ട്ര ടെൻഡർ പുറപ്പെടുവിച്ചു. പാകിസ്ഥാനുമായുള്ള സിന്ധുനദിജല കരാർ റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി. ഉടമ്പടിയുടെ മറവിൽ പാകിസ്ഥാൻ തടസ്സവാദമുന്നയിച്ചതിനാൽ പദ്ധതി പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുകയായിരുന്നു. ഏപ്രിൽ 23 നാണ് ഇന്ത്യ സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ചത്
നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻഎച്ച്പിസി) ജൂലൈ 30 നാണ് ടെൻഡർ പുറപ്പെടുവിപ്പച്ചത്. 1,856 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള നിലയമാണ് നിർമിക്കുന്നത്. രണ്ട് ഘട്ടങ്ങളായി പൂർത്തിയാകുന്ന പദ്ധതിക്ക് 22,705 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് . 1980 ൽ സവൽകോട്ട് പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ഹിമാചലിൽ നിന്ന് ഉത്ഭവിച്ച് ജമ്മു കശ്മീരിലൂടെ പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദിയാണ് ചെനാബ്. സവൽകോട്ട് പൂർത്തിയാകുന്നതോടെ, ജമ്മു കശ്മീരിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായി ഇത് മാറും.
സിന്ധു ജല ഉടമ്പടി (IWT) പ്രകാരം, കിഴക്കൻ നദികളായ ബിയാസ്, രവി, സത്‌ലജ് എന്നിവയിലെ ജലത്തിൻ മേലാണ് ഇന്ത്യയ്‌ക്ക് അവകാശമുണ്ടായിരുന്നത്. സിന്ധു, ചെനാബ്, ഝലം തുടങ്ങിയ പടിഞ്ഞാറൻ നദികളുടെ ജലത്തിന്മേൽ പാകിസ്ഥാനാണ് പൂർണ്ണ കുത്തക. അത് മാത്രമല്ല പടിഞ്ഞാറൻ നദികളിലെ അണക്കെട്ടിലെ ചെളി വൃത്തിയാക്കാൻ പോലും ഇന്ത്യയെ അനുവദിച്ചില്ലിരുന്നില്ല.
സാവൽകോട്ടിന് പിന്നാലെ സിന്ധുവിന്റെ പടിഞ്ഞാറൻ നദികളിൽ കൂടുതൽ ജലവൈദ്യുത പദ്ധതികൾ നിർമിക്കാനുള്ള നടപടികളും ഇന്ത്യ വേഗത്തിലാക്കി. ചെനാബിന്റെ പോഷകനദികളിൽ നിർമ്മിക്കുന്ന റാറ്റ്ലെ, കിരു, ക്വാർ, പക്കൽ ദുൽ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.















