തിരുവനന്തപുരം: എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള കേന്ദ്രഫണ്ട് സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസവകുപ്പ് വകമാറ്റിയ സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയുടെ നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യനീതി കര്‍മസമിതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിവേദനം നല്‍കി.
തുക വകമാറ്റി ചെലവഴിച്ചതായി സിഎജി കണ്ടെത്തിയിട്ടുണ്ട്. അഞ്ചുവര്‍ഷത്തിലധികമായി എസ്‌സി, എസ്ടി, ഒഇസി, ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായിരുന്ന ആനുകൂല്യങ്ങള്‍ യഥാസമയം ലഭിക്കുന്നില്ല. ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കടുത്ത വീഴ്ചയും, ഭരണ കെടുകാര്യസ്ഥതയുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ലംപ്‌സംഗ്രാന്റ് സ്‌കോളര്‍ഷിപ്പ്, ഇ ഗ്രാന്റ്, ഹോസ്റ്റല്‍ ഫീസ്, പോക്കറ്റ് മണി എന്നിവയുടെ വിതരണം താളംതെറ്റി, 2017-18 മുതല്‍ 2023-24 വരെയുള്ള ആനുകൂല്യങ്ങള്‍ കുടിശികയാണ്.
2017-18 ല്‍ പ്രവേശനം നേടിയ 4.16 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 10 ശതമാനത്തിനും 2020-21ല്‍ പ്രവേശനം നേടിയ 4.12 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 10 ശതമാനത്തിനും ലംപ്‌സംഗ്രാന്റ് നല്‍കിയിട്ടില്ല. ‘വിദ്യാലയ വികാസ നിധി’യുടെ വര്‍ധിപ്പിച്ച നിരക്കില്‍ അടച്ച 3.60 കോടി രൂപ വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ നല്‍കിയിട്ടില്ല. ജില്ലകളില്‍ ഈ ഗ്രാന്റ് വിതരണത്തില്‍ 5 വര്‍ഷം വരെ കാലതാമസം വരുത്തി എന്നീ സിഎജി കണ്ടെത്തലുകള്‍ അതീവഗൗരവമുള്ളതാണ്. ഭരണഘടനാ അവകാശങ്ങളെയാണ് വിവിധ വകുപ്പുകള്‍ അട്ടിമറിച്ചിരിക്കുന്നത്. ഗ്രാന്റുകള്‍ രണ്ടുവര്‍ഷത്തിലധികമായി മുടങ്ങിയതിനാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ടെന്നും നിവേദനത്തില്‍ പറയുന്നു.
ലഭിച്ചുവന്നിരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ യുദ്ധകാലാസ്ഥാനത്തില്‍ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യണമെന്നും ഹിന്ദുഐക്യവേദി നിവേദനത്തില്‍ ആവശ്യപ്പെട്ടു.















