ബെംഗളൂരു: ഹാസന്‍ പാർലിമെന്റ് മണ്ഢലത്തിലെ ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണ ലൈംഗികാതിക്രമ കേസില്‍ കുറ്റക്കാരനെന്ന് കോടതി. ബെംഗളൂരുവിലെ പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനന്‍ ഭട്ടിന്റേതാണ് വിധി. ശിക്ഷാവിധി ഇന്ന് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.
പ്രജ്വലിന്റെ പേരിലുള്ള നാല് പീഡനക്കേസുകളില്‍ ആദ്യത്തെ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. പ്രജ്വലിന്റെ ഫാം ഹൗസില്‍ ജോലിക്കാരിയായ 48കാരി നല്‍കിയ പരാതിയിലാണ് നടപടി. രണ്ടുതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു. പ്രജ്വലിനെതിരെ മൊഴി കൊടുക്കുന്നത് ഒഴിവാക്കാന്‍ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയതിന് അച്ഛനും എംഎല്‍എയുമായ എച്ച്.ഡി. രേവണ്ണയുടെയും അമ്മ ഭവാനി രേവണ്ണയുടെയും പേരിലും നേരത്തേ കേസെടുത്തിരുന്നു.
കേസിൽ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 26 തെളിവുകള്‍ നേരത്തെ കോടതി പരിശോധിച്ചു. കഴിഞ്ഞ 14 മാസമായി ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് പ്രജ്വല്‍ രേവണ്ണ.















