കണ്ണൂർ: ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞ വാക്ക് പാലിച്ചെന്നും കാര്യമായ ഇടപെടൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കേസ് പിൻവലിക്കാനുള്ള നടപടികൾ കൂടി സർക്കാർ ചെയ്യണം. രാഷ്‌ട്രീയ മാനങ്ങളെ സഭ ഗൗരവമായി കാണുന്നില്ല. വിഷയത്തിൽ രാഷ്‌ട്രീയം കാണുന്ന നേതാക്കൾ ഉണ്ടായിരിക്കും. എന്നാൽ സഭയെ സംബന്ധിച്ച് ഞങ്ങളുടെ സഹോദരിമാരുടെ മോചനം മാത്രമാണ് ശ്രദ്ധിക്കുന്നത്. ആ ആവശ്യത്തിന് വേണ്ടിയാണ് ഞങ്ങൾ തെരുവിലിറങ്ങിയത്”.
രാഷ്‌ട്രീയ ലക്ഷ്യത്തോടെ ഒരു പാർട്ടിയെ നിരന്തരമായി അക്രമിച്ചുകൊണ്ട് ഇരിക്കുകയെന്നത് ഞങ്ങളുടെ നിലപാടല്ല. ആ നിലപാടുള്ളവർ അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ ഞങ്ങൾക്ക് ആ നിലപാടില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. ഇത്തരം പ്രശ്നങ്ങൾക്ക് വിശാലമായ ചർച്ചകളും പരിഹാരങ്ങളുമാണ് വേണ്ടത്. ഏതെങ്കിലും ഭരണകക്ഷിയെയോ നേതാവിനെയോ മാത്രമല്ല. സമൂഹം ഒന്നടങ്കം ജാഗ്രത പുലർത്തേണ്ട ഒരു ആവശ്യകതയിലേക്കാണ് ഈ സംഭവങ്ങൾ വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.















