ന്യൂഡൽഹി: മലേഗാവ് സ്ഫോടനക്കേസിൽ നടന്നത് കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്നും രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും കേസിൽ കോടതി കുറ്റവിമുക്തയാക്കിയ മുൻ ബിജെപി എം പി സാധ്വി പ്രജ്ഞാ സിംഗ് താക്കൂർ. ഭോപ്പാലിൽ സംഘടിപ്പിച്ച ഉജ്ജ്വല സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
ഞാൻ ഉൾപ്പെടെയുള്ളവരുടെ നിരപരാധിത്വം തെളിയിച്ച കോടതിവിധി. കാവി ഭീകരത ഉയർത്താൻ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയാണ്. വോട്ടുബാങ്കിന് വേണ്ടി കേസ് അട്ടിമറിക്കാനും കാവി ഭീകരത സ്ഥാപിക്കാനും കോൺഗ്രസ് ശ്രമിച്ചു. കോൺഗ്രസ് എപ്പോഴും ഇസ്ലാമിസ്റ്റുകളെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നു. അവർ ഹൈന്ദവരെ എല്ലാ വിധത്തിലും പീഡിപ്പിച്ചു. ജയിലിലടച്ചു, കള്ളക്കേസുകൾ ചുമത്തി. അവർ അതിനെ ഹിന്ദുത്വ ഭീകരത എന്ന് വിളിച്ചു. ഇത് കോൺഗ്രസിന്റെ ഗൂഢാലോചനയായിരുന്നു. രാജ്യദ്രോഹക്കുറ്റമായി കണക്കാക്കണമെന്നും സാധ്വി പ്രജ്ഞാ സിംഗ് താക്കൂർ പറഞ്ഞു.
കോടതി വിധി വന്നതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സാധ്വി പ്രജ്ഞാ സിംഗ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് തുടങ്ങിയവരുടെ പേര് പറഞ്ഞാൽ മർദ്ദിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായി സാധ്വി പ്രജ്ഞാ സിംഗ് പറഞ്ഞു. പൊലീസ് തന്നോട് ചെയ്ത ക്രൂരതകളും അവർ അക്കമിട്ട് പറഞ്ഞിരുന്നു.
17 വർഷങ്ങൾക്ക് ശേഷമാണ് പ്രജ്ഞാ സിംഗ് ഉൾപ്പെടെ ഏഴ് പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയത്. കേസ് തെളിയിക്കാൻ കൃത്യമായ രേഖകളോ തെളിവുകളോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ വെറുതെവിട്ടത്.















