കണ്ണൂർ : സി . സദാനന്ദൻ മാസ്റ്റർ എംപിയുടെ കാലുകൾ വെട്ടിയ എട്ട് സിപിഎം ക്രിമിനലുകൾക്ക് കണ്ണൂരിൽ സി പിഎം വക വീരോചിത യാത്രയയപ്പ്. സദാനന്ദൻ മാസ്റ്ററുടെ കാലുകൾ വെട്ടിയ സിപിഎം ഗുണ്ടകൾ 30 വർഷങ്ങൾക്ക് ശേഷം കോടതിയിൽ കീഴടങ്ങുന്നതിനു മുന്നോടിയായിട്ടായിരുന്നു യാത്രയയപ്പ്. കെ കെ ശൈലജ അടക്കമുള്ള നിരവധി സിപിഎം നേതാക്കളും പ്രവർത്തകരും ഈ ക്രിമിനലുകൾക്ക് ജയിലിലേക്കുള്ള യാത്രയയപ്പ് നല്കാൻ സന്നിഹിതരായിരുന്നു.
സി . സദാനന്ദൻ മാസ്റ്ററുടെ കാലുകൾ വെട്ടിയ എട്ട് സിപിഎം ക്രിമിനലുകൾ 30 വർഷങ്ങൾക്ക് ശേഷം കോടതിയിൽ കീഴടങ്ങി. തലശേരി കോടതിയിലാണ് പ്രതികൾ കീഴടങ്ങിയത്. തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളെ ഇന്ന് കണ്ണൂര്‍ സെന്‍ട്രൽ ജയിലിലേക്ക് മാറ്റും.
സിപിഎമ്മുകാരായ എട്ടു പ്രതികളെയാണ് വിചാരണ കോടതി ശിക്ഷിച്ചത്. ശിക്ഷാവിധിക്കെതിരെ മേൽകോടതികളിൽ അപ്പീൽ നൽകി ജാമ്യത്തിലായിരുന്നു പ്രതികള്‍. സുപ്രീം കോടതിയും അപ്പീൽ തള്ളിയതോടെയാണ് പ്രതികള്‍ കോടതിയിൽ ഹാജരായത്. ഏഴുവര്‍ഷത്തെ തടവാണ് പ്രതികള്‍ക്കെതിരെ വിധിച്ചിരുന്നത്.
മട്ടന്നൂര്‍ പഴശ്ശിയിൽ വെച്ച് കേസിലെ പ്രതികൾക്ക് സിപിഎം നേതാക്കളുടെ വക സ്വീകരണം നൽകിയ ശേഷമായിരുന്നു കോടതിയിൽ കീഴടങ്ങാനായി എത്തിയത്. ഈ സ്വീകരണത്തിൽ മട്ടന്നൂർ എംഎൽഎ കെ കെ ശൈലജ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ജയിലിലേക്ക് പോകുന്നതിന് മുമ്പായുള്ള യാത്രയയപ്പിന്റെ വീഡിയോയും പുറത്തുവന്നു.















