ന്യൂഡൽഹി: കൊലക്കേസുകളിലടക്കം പ്രതികളായിട്ടുള്ള ആളുകൾക്ക് സിപിഎം പരസ്യമായി യാത്രയയപ്പ് നൽകുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് സി. സദാനന്ദൻ മാസ്റ്റർ എം.പി. മട്ടന്നൂര്‍ പഴശ്ശിയിൽ വെച്ച് കേസിലെ പ്രതികൾക്ക് സിപിഎം നേതാക്കളുടെ വക സ്വീകരണം നൽകിയ ശേഷമായിരുന്നു കോടതിയിൽ കീഴടങ്ങാനായി എത്തിയത്. ഈ സ്വീകരണത്തിൽ മട്ടന്നൂർ എംഎൽഎ കെ.കെ ശൈലജ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സദാനന്ദൻ മാസ്റ്റർ.
കുറ്റവാളികൾക്ക് കൂടുതൽ പ്രേരണ നൽകുന്നതാണ് ശൈലജയുടെ പ്രവൃത്തി. ജനപ്രതിനിധിയായിട്ടും ശൈലജ പരിപാടിയിൽ പങ്കെടുത്തത് ദൗർഭാഗ്യകരമാണ്. ക്രിമിനൽ കേസുകളിൽ പാർട്ടി അണികൾ ഉൾപ്പെടുന്ന സംഭവത്തിൽ, അവരെ തിരുത്തുന്നതിന് പകരം ഇനിയും ഇതുപോലെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നതിന് പ്രേരണ നൽകുന്ന സമീപനമാണ് കെ. കെ ശൈലജ സ്വീകരിച്ചതെന്ന് സദാനന്ദൻ മാസ്റ്റർ പറഞ്ഞു.















