ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹർഷിലിൽ സൈനിക ക്യാമ്പിൽ മേഘവിസ്ഫോടനം. ഉത്തരകാശിയിൽ ധരാലിയിലുണ്ടായ മേഘവിസ്ഫോടനത്തിന് പിന്നാലെയാണ് വീണ്ടും സമാനമായ ദുരന്തം റിപ്പോർട്ട് ചെയ്യുന്നത്. ഹർഷിലിലെ സൈനിക ക്യാമ്പിൽ തുടർച്ചയായി മണ്ണിടിച്ചിലും മേഘവിസ്ഫോടനവുമുണ്ടായി. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്.
ധരാലിയിലുണ്ടായ ദുരന്തത്തിൽ ഇതുവരെ 20 പേരെ രക്ഷപ്പെടുത്തി. പ്രദേശത്തുണ്ടായിരുന്ന നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. ഇവിടെയുണ്ടായിരുന്നവരെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നുണ്ട്. അമ്പതോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1.45 ഓടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. സംഭവത്തിന് പിന്നാലെ പത്ത് മിനിറ്റിനുള്ളിൽ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.
ഡോക്ടർമാർ ഉൾപ്പെടെ പ്രത്യേക മെഡിക്കൽ സംഘത്തെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. എസ്ഡിആർഎഫ്, എൻഡിആർഎഫ് സംഘങ്ങളെയും ദുരന്തമുഖത്ത് വിന്യസിച്ചു. പരിക്കേറ്റവരെ അടിയന്തര ചികിത്സ നൽകി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. ഹർഷിലിലെ ഇന്ത്യൻ സൈന്യത്തിന്റെ ക്യാമ്പിൽ നിന്ന് വെറും നാല് കിലോമീറ്റർ അകലെയാണ് ധരാലി ഗ്രാമം സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം അതിവേഗത്തിൽ തുടങ്ങിയിരുന്നു.















