ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും അധികം നാൾ കേന്ദ്ര ആഭ്യന്തരമന്ത്രി എന്ന ചുമതല വഹിച്ചതിന്റെ റെക്കോഡ് ഇനി അമിത് ഷായ്‌ക്ക് സ്വന്തം. എൽ കെ അദ്വാനിയുടെ റെക്കോർഡാണ് അമിത് ഷാ തിരുത്തിയത്. ആർട്ടിക്കിൾ 370 റദ്ദാക്കൽ, രാജ്യത്തെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ അടിച്ചമർത്തൽ തുടങ്ങിയവയെല്ലാം ആഭ്യന്തരമന്ത്രി എന്ന നിലയിൽ അമിത് ഷാ പ്രാവർത്തികമാക്കിയ നിർണായക തീരുമാനങ്ങളാണ്.
2019 മെയ് 30-ന് ചുമതലയേറ്റ അമിത് ഷാ രാജ്യത്ത് ഏറ്റവും കൂടുതൽ നാൾ ആഭ്യന്തരമന്ത്രിയായി എന്ന റെക്കോർഡിന് അർഹനായി. 2,288 ദിവസമാണ് അമിത് ഷാ ആഭ്യന്തരമന്ത്രിയായി സേവനമനുഷ്ഠിച്ചത്. ആറ് വർഷവും 65 ദിവസവും കടന്നു. രാജ്യത്തിന്റെ ക്രമസമാധാന നില നിലനിർത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ആഭ്യന്തര മന്ത്രി എന്ന നിലയിൽ അമിത് ഷാ ചെയ്ത കാര്യങ്ങൾ വിലമതിക്കാനാവാത്തതാണ്.
പൗരത്വ ഭേദഗതി നിയമം, ഏകീകൃത സിവിൽ കോഡ് നിയമം തുടങ്ങീ വിവിധ നിർണായക നീക്കങ്ങളിൽ അമിത് ഷായുടെ തീരുമാനങ്ങൾ സുപ്രധാനമായിരുന്നു. അടൽ ബിഹാരി സർക്കാരിലെ ആഭ്യന്തര മന്ത്രിയായിരുന്നു എൽ കെ അദ്വാനി. 1998 മാർച്ച് മുതൽ 2004 മെയ് വരെ 2,256 ദിവസമാണ് അദ്വാനി ആഭ്യന്തരമന്ത്രിയായി സേവനമനുഷ്ഠിച്ചത്.
ചരിത്രനേട്ടം സ്വന്തമാക്കിയ അമിത് ഷായെ പ്രധാനമന്ത്രി പ്രശംസിച്ചു. തന്റെ സഹപ്രവർത്തകന് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ടെന്നും ഇതൊരു തുടക്കം മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.















