ന്യൂഡൽഹി: റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്‌ക്ക് മേൽ കനത്ത തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണിക്കിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോയിലെത്തി. റഷ്യൻ പ്രസിഡന്റ് വ്ലാഡമീർ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഒപ്പം മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തും.
റഷ്യൻ പ്രതിരോധ മന്ത്രിയുമായും ഡോവലിന് നിർണ്ണായക കൂടിക്കാഴ്ചകളുണ്ട്. എസ്-400 മിസൈൽ പ്രതിരോധ സംവിധാനമായിരിക്കും പ്രധാന ചർച്ച വിഷയം. ഓപ്പറേഷൻ സിന്ദൂറിനിടെ പാക് മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് റഷ്യ കൈമാറിയ ഈ പ്രതിരോധ സംവിധാനമാണ്.
2018 ഒക്ടോബറിൽ റഷ്യയിൽ നിന്ന് അഞ്ച് എസ്-400 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവച്ചിരുന്നു. 40,000 കോടി രൂപയുടേതാണ് പ്രസ്തുത കരാർ. ആദ്യഘട്ടമായി മൂന്ന് എസ്-400 റഷ്യ ഇന്ത്യയ്‌ക്ക് കൈമാറിയിരുന്നു. എന്നാൽ യുക്രൈൻ- റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബാക്കിയുള്ള സംവിധാനങ്ങളുടെ വിതരണം വൈകി. ഇത് വേഗത്തിലാക്കാൻ ഡോവൽ ആവശ്യപ്പെടും.
മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരമാണ് ഡോവലിന്റെ സന്ദർശം. എന്നാൽ നിലവിലെ യുഎസിന്റെ തീരുവ ഭീഷണികൾക്കും ഭൗമരാഷ്‌ട്രീയ സാഹചര്യങ്ങൾക്കുമിടയിൽ ഡോവൽ മോസ്കോയിൽ എത്തുന്നത് നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന സന്ദേശം കൂടിയാവുകയാണ്. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ഈ മാസം അവസാനം റഷ്യ സന്ദർശിക്കുമെന്ന് റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.















