ഡെറാഡൂൺ: ധരാലിയിലെ ദുരിതബാധിതാ പ്രദേശം സന്ദർശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ദുരിതബാധിതരുമായി ധാമി സംസാരിച്ചു. ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും പുനഃരധിവാസം വേഗത്തിലാക്കുമെന്നും ധാമി ഉറപ്പുനൽകി. പ്രദേശത്തെ രക്ഷാപ്രവർത്തനം വിലയിരുത്തുകയും ദുരന്തനിവാരണ സേനകൾക്ക് നിർദേശം നൽകുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പുഷ്കർ സിംഗ് ധാമി സംസാരിച്ചിരുന്നു. കൂടാതെ സ്ഥലത്തെ സ്ഥിതിഗതികളെ കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. ഇതിന് പിന്നാലെയാണ് ധാമി ധരാലിയിലെത്തിയത്. സംസ്ഥാന ദുരന്തനിവാരണസേന രക്ഷാപ്രവർത്തനത്തിൽ സജീവമായി ഏർപ്പെട്ടിട്ടുണ്ട്.
രക്ഷാപ്രവർത്തനം നിരീക്ഷിച്ച ധാമി, എസ്ഡിആർഎഫ്, എൻഡിആർഎഫിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂറ്റൻ പാറക്കല്ലും ചെളിയും മാറ്റുന്നതിനുള്ള നടപടികളാണ് നടക്കുന്നത്. നൂറോളം പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
സ്ഥലത്ത് എസ്ഡിആർഎഫ്, എൻജിആർഎഫ് സംഘങ്ങളുടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനം ദുഷ്കരമായതിനാൽ കൂടുതൽ സേനാംഗങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പ്രദേശത്തെ പാലങ്ങളും റോഡുകളും തകർന്ന നിലയിലാണ്. അതിനാൽ ദുരന്തമേഖലകളിലേക്ക് എത്താൻ ഏറെ ബുദ്ധിമുട്ടാണ്. താൽക്കാലിക പാലങ്ങൾ നിർമിച്ച് മറുവശത്തേക്ക് പോകാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.















