ബെംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഓടിച്ച വാഹനത്തിന് പിഴ. ഡി കെ ശിവകുമാർ ഓടിച്ച കെ എ. 04 JZ 2087 എന്ന രജിസ്ട്രേഷൻ നമ്പറുള്ള വാഹനത്തിനാണ് പിഴ ഈടാക്കിയത്. 18,500 രൂപയാണ് പിഴത്തുക. ബെംഗളൂരു ഹെബ്ബാൾ മേൽപ്പാലത്തിന് സമീപത്ത് നടന്ന വാഹന പരിശോധനയ്‌ക്കിടെയാണ് ശിവകുമാറിന് പിഴ ഈടാക്കിയത്.
ശിവകുമാറിനൊപ്പം മന്ത്രി ബൈരതിയും വാഹനത്തിലുണ്ടായിരുന്നു. സിറ്റി ട്രാഫിക് പൊലീസ് വാഹനത്തിന്റെ ഉടമയെ വിളിച്ചുവരുത്തി പിഴത്തുക അടയ്‌ക്കാൻ ആവശ്യപ്പെട്ടു. വാഹനമുടമ പൊലീസ് സ്റ്റേഷനിലെത്തി 1000 രൂപ പിഴയടച്ചു. ബാക്കി പിഴത്തുക 17,500 രൂപ ഏതാനും ദിവസങ്ങൾക്കുള്ളിൽ നൽകാമെന്ന് ഉറപ്പ് നൽതിയതിന് ശേഷമാണ് മടങ്ങിയത്.
സൺഗ്ലാസ് ധരിച്ച്, ഷാൾ ധരിച്ച്, ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. വാഹനത്തിന് നേരത്തെ തന്നെ പിഴ ഈടാക്കിയിട്ടുണ്ടെന്നും ആ തുക ഇതുവരെ അടച്ചിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. ഹാഫ് ഹെൽമറ്റ് ധരിച്ചതിന് 500 രൂപ കൂടി പിഴ ഈടാക്കിയിട്ടുണ്ട്.















