ന്യൂഡൽഹി : റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിന്റെ ഭാരത സന്ദർശനം വൈകാതെ നടക്കുമെന്ന് സ്ഥിരീകരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ.
2025 അവസാനത്തോടെ സന്ദർശനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്റർഫാക്സ് വാർത്താ ഏജൻസിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലുകൾ തുടരുന്നതിന്റെ പേരിൽ ഇന്ത്യയ്‌ക്കെതിരെ ഡൊണാൾഡ് ട്രംപ് ഭരണകൂടം കർശനമായ താരിഫ് നടപടികൾ സ്വീകരിച്ച സാഹചര്യത്തിലാണ് ഇത്.
“ഞങ്ങൾ തമ്മിൽ വളരെ സവിശേഷമായ ഒരു ബന്ധമുണ്ടെന്നും, ദീർഘകാല ബന്ധമാണെന്നും, ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തെ ഞങ്ങൾ വളരെയധികം വിലമതിക്കുന്നുവെന്നും നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.
ഉന്നതതല ഇടപെടലുകൾ ഞങ്ങൾക്ക് ഉണ്ടായിട്ടുണ്ട്, ഈ ഉന്നതതല ഇടപെടലുകൾ വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. പ്രസിഡന്റ് പുടിന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് അറിഞ്ഞതിൽ ഞങ്ങൾക്ക് വളരെ ആവേശവും സന്തോഷവുമുണ്ട്. തീയതികൾ ഇപ്പോൾ ഏതാണ്ട് അന്തിമമായി എന്ന് ഞാൻ കരുതുന്നു, ”ഡോവൽ പറഞ്ഞു.
ഇന്ത്യയ്‌ക്ക് സ്വന്തം വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ പിന്തുണച്ച് കൊണ്ട്, ട്രംപിന്റെ നടപടികളെ നേരത്തെ റഷ്യ വിമർശിച്ചിരുന്നു. “പരമാധികാര രാജ്യങ്ങൾക്ക് സ്വന്തം വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാൻ അവകാശമുണ്ട്,” ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞിരുന്നു.
ട്രംപും പുടിനും അടുത്ത ആഴ്ച തന്നെ കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട് എന്ന് റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്.















