മലപ്പുറം: തിരൂരിൽ വീട് പൂർണ്ണമായും കത്തിനശിച്ചു. മുക്കിൽപീടിക സ്വദേശി അബൂബക്കർ സിദ്ദീഖിന്റെ വീടാണ് കത്തി നശിച്ചത്. വീട്ടുകാർ പുറത്ത് പോയസമയത്താണ് അപകടമുണ്ടായത്. അതിനാൽ വൻ ദുരന്തം ഒഴിവായി.
ചാർജ് ചെയ്യാനിട്ട പവർബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചതെന്നാണ് സംശയം. പുതിയതായി വാങ്ങിയ പവർബാങ്ക് മാത്രമാണ് ഈ സമയം പ്ലഗിൽ കുത്തിവെച്ചിരുന്നതെന്നാണ് അബൂബക്കർ സിദ്ദീഖി പറയുന്നത്. പവർബാങ്കും പൂർണ്ണമായും കരിഞ്ഞിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പവർബാങ്ക് തന്നെയാണ് അപകടത്തിന് കാരണം എന്നാണ് സംഘത്തിന്റെയും പ്രാഥമിക നിഗമനം.
ഓലേമഞ്ഞ മേൽക്കൂര പൂർണമായും കത്തിനശിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. തീ ആളിപ്പടരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അയൽവാസിയാണ് ദൃശ്യങ്ങൾ പകർത്തിയത്.















