ഗായകൻ യേശുദാസിനെതിരെ നടൻ വിനായകൻ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി ഗായകൻ ജി. വേണുഗോപാൽ. കേരളത്തിൽ ഇപ്പോൾ പഴയ ബിംബങ്ങളൊക്കെ തച്ചുടച്ച് പുതിയവ പണിയുകയാണ്. പൊളിറ്റിക്കൽ കറക്റ്റ്നസ് എന്ന കരിങ്കൽ ഭിത്തിയിൽ തല തല്ലി ഒട്ടുമിക്ക പ്രശസ്തർക്കും അടി പതറുന്നു. കമ്പ്യൂട്ടർ സ്ക്രീനിനു പിന്നിൽ കുമ്പിട്ടിരിക്കുന്ന സോഷ്യൽ മീഡിയ തൊഴിലാളികൾ ഊരിപ്പിടിച്ച വാളുമായി ചാടിവീണ് വെട്ടിവീഴ്‌ത്തുന്നു അസഭ്യം കൊണ്ടു മൂടുന്നു. ഇതാണ് നിലവിലെ സ്ഥിതിയെന്ന് ജി. വേണുഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ കലാ വിപ്ലവകാരി യേശുദാസാണെന്ന് നിസ്സംശയം പറയാം. കലയിലും സംഗീതത്തിലും സർവഥാ കർണാട്ടിക് ശാസ്ത്രീയ സംഗീതത്തിലും ബ്രാഹ്മണ്യത്വം കൊടികുത്തി വാഴുന്ന കാലത്ത്, സ്വന്തം പ്രതിഭ ഒന്നുകൊണ്ടു മാത്രമാണ് ഒരു പാവപ്പെട്ട ലത്തീൻ കത്തോലിക്കൻ വലിയൊരു പൊളിച്ചെഴുത്ത് നടത്തി അവിടെ സ്വയം പ്രതിഷ്ഠിച്ചത്.
യേശുദാസ് മഹാത്മജിയോ കേളപ്പജിയോ അല്ല .യേശുദാസ് യേശുദാസ് മാത്രമാകുന്ന ഇടത്താണ് കേരളത്തിന്റെ സുവർണ്ണ സംഗീത കാലഘട്ടം പിറന്നുവീണത് എന്ന് നമ്മൾ മറക്കാതെയിരിക്കുക. അത്യുന്നതങ്ങളിൽ അംബദ്കർ , അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, നാരായണ ഗുരു, ഇവർക്ക് മഹത്വം . ഭൂമിയിൽ ശ്രീ വിനായക ഗുരുവിന് നീല പുകച്ചുരുൾ പ്രണാമമെന്നും പറഞ്ഞു കൊണ്ടാണ് വേണുഗോപാൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.















