ടെൽ അവീവ് : ഇന്ത്യയുടെയും അമേരിക്കയുടെയും താൽപ്പര്യങ്ങൾക്കനുസൃതമായി തീരുവ പ്രശ്നം പരിഹരിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ നെതന്യാഹു ഇസ്രായേലിലെ ഇന്ത്യൻ അംബാസഡർ ജെ പി സിങ്ങുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പ്രസ്താവന.ഇന്റലിജൻസ് പങ്കിടൽ, ഭീകരതയെ ചെറുക്കൽ തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ ഇന്ത്യ-ഇസ്രായേൽ സഹകരണം വികസിപ്പിക്കുന്നതിന് വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ജറുസലേമിലെ തന്റെ ഓഫീസിൽ ഇസ്രായേലിലെ ഇന്ത്യൻ അംബാസഡർ ജെ പി സിങ്ങുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയും അംബാസഡറും ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച്, പ്രത്യേകിച്ച് സുരക്ഷ, സാമ്പത്തിക വിഷയങ്ങളിൽ ചർച്ച ചെയ്തു,” ഇസ്രായേൽ പിഎംഒ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ചൂണ്ടിക്കാട്ടി ബുധനാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ തീരുവ ഇരട്ടിയാക്കി 50 ശതമാനമാക്കിയിരുന്നു. അധിക ലെവി ഓഗസ്റ്റ് 27 നാണ് പ്രാബല്യത്തിൽ വരുന്നത്.
ഈ നടപടികൾ അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവുമാണെന്ന് ട്രംപിന്റെ അധിക താരിഫ് നീക്കത്തിനെതിരെ ഇന്ത്യ തിരിച്ചടിച്ചു. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.















