മുംബൈ: ചർമത്തിന്റെയോ നിറത്തിന്റെയോ പാചക വൈദഗ്ധ്യത്തിന്റെയോ പേരിൽ ഭാര്യയെ അധിക്ഷേപിക്കുന്നത് ഗാർഹിക പീഡനമായി കണക്കാക്കാൻ സാധിക്കില്ലെന്ന് മുംബൈ ഹൈക്കോടതി. 2022-ൽ വിവാഹിതയായ സ്ത്രീ തന്റെ ഭർത്താവിനെതിരെ നൽകിയ പരാതിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. യുവതി നൽകിയ പരാതിയിൽ ഭർത്താവിനും കുടുംബത്തിനുമെതിരായ ക്രിമിനൽ കേസും മറ്റ് നടപടികളും കോടതി റദ്ദാക്കി.
ശരിയായ വസ്ത്രം ധരിച്ചില്ലെന്നും ആഹാരം പാചകം ചെയ്തില്ലെന്നും പറഞ്ഞ് ശകാരിക്കുന്നത് ഗാർഹിക പീഡനമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് ക്രൂരതയോ, പീഡനമോ ആയി കാണാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ വിഭ കങ്കൻവാഡി, സഞ്ജയ് എ ദേശ്മുഖ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
വിവാഹമോചനത്തിന് ശേഷമാണ് യുവതി പരാതി നൽകിയത്. ഭർത്താവും ഭർതൃവീട്ടുകാരും തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഭർത്താവിന്റെ മാനസിക പ്രശ്നങ്ങൾ മറച്ചുവച്ചാണ് വിവാഹം നടത്തിയതെന്നും യുവതി ഹർജിയിൽ പറഞ്ഞു. എന്നാൽ രണ്ടാമതും വിവാഹിതയായതിന് ശേഷമുള്ള യുവതിയുടെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.















