നടൻ വിനായകനെ രൂക്ഷമായി വിമർശിച്ച് ഗായകന്‍ കെ. ജി മാര്‍ക്കോസ്. കെ ജെ യേശുദാസിനും അടൂര്‍ ഗോപാലകൃഷ്ണനും എതിരെ വിനായകൻ നടത്തിയ അധിക്ഷേപ പരാമർശത്തിൽ കേസെുക്കണം എന്നാവശ്യം ശക്തമാകുന്നതിനിടെയാണ് മാർക്കോസിന്റെ പ്രതികരണം. ചില ഗുണ്ടാ റോളുകൾ ചെയ്ത് മലയാള സിനിമയിൽ ഒരു അഭിനേതാവായി കയറിക്കൂടി എന്നതൊഴിച്ചാൽ വിനായകന് യേശുദാസിനെ അപമാനിക്കാൻ എന്ത് അർഹതയാണുള്ളതെന്ന് മാർക്കോസ് ചോദിച്ചു. മലയാള സിനിമയും മലയാളിയും ഇദ്ദേഹത്തെ ബഹിഷ്കരിക്കാൻ മുന്നോട്ട് വരണമെന്നും വിനായകനെതിരെ കേസെടുക്കണമെന്നും മാര്‍ക്കോസ് ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പ്
കഴിഞ്ഞ ദിവസം ശ്രീ. അടൂർ ഗോപാലകൃഷ്ണൻ അവർകളുടെ വിഷയവുമായി ബന്ധപ്പെടുത്തി, നടൻ വിനായകൻ ഇന്ത്യയുടെ തന്നെ മഹാ ഗായകരിൽ ഒരാളായ, മലയാളത്തിന്റെ ശ്രീ. യേശുദാസ് അവർകളെ അപമാനിച്ചുകൊണ്ട് സമൂഹമാദ്ധ്യമത്തിലൂടെ നടത്തിയ പരാമർശനം അങ്ങേയറ്റം ഹീനവും പ്രതിഷേധാർഹവുമാണ്.. വിനായകന് ശ്രീ. യേശുദാസിനെ അപമാനിക്കാൻ എന്ത് അർഹതയാണുള്ളത്?
ചില ഗുണ്ടാ റോളുകൾ ചെയ്ത് മലയാള സിനിമയിൽ ഒരു അഭിനേതാവായി കയറിക്കൂടി എന്നതൊഴിച്ചാൽ, ഇദ്ദേഹത്തെ റോൾ മോഡലാക്കാൻ എന്ത് വിശേഷ ഗുണമാണ് ഉള്ളത്?? നല്ല പെരുമാറ്റമോ, വിദ്യാഭ്യാസമോ ഇദ്ദേഹത്തിനുണ്ടോ? മലയാള സമൂഹത്തിനു മുന്നിൽ ഇദ്ദേഹം ക്ഷമ പറയണം. അല്ലെങ്കിൽ മലയാള സിനിമയും മലയാളിയും ഇദ്ദേഹത്തെ ബഹിഷ്കരിക്കാൻ മുന്നോട്ട് വരണം.. ഇദ്ദേഹത്തിനെതിരെ കേസെടുത്ത് നീതിന്യായ വ്യവസ്ഥിതി പ്രകാരം മ്ലേച്ഛമായ പെരുമാറ്റത്തിനു അർഹമായ ശിക്ഷ വാങ്ങി കൊടുക്കാൻ അധികൃതർ മുന്നോട്ട് വരണം.
ഇന്നത്തെ തലമുറയിലെ ആസ്വാദകർ വളരെ മോശമായിട്ടാണ് മുൻഗാമികളായ പലരെയും സംബോധന ചെയ്യുന്നതും അഭിപ്രായങ്ങൾ പറയുന്നതും. സംഗീതത്തെ സംബന്ധിച്ചു യേശുദാസിന്റെ മഹത്വവും സംഭാവനകളും അറിയാത്ത സമൂഹമാണ് അദ്ദേഹത്തെ അവഹേളിക്കുന്നതും ആക്ഷേപിക്കുന്നതും. അദ്ദേഹം പാടി വച്ചിരിക്കുന്ന പാട്ടുകളിലെ ഒരു വരി അതിന്റെ പൂർണ്ണതയോടുകൂടി ആസ്വദിക്കാനോ പ്രതിഫലിപ്പിക്കാനോ കഴിയാത്തവരാണ് വലിയ സംഗീതജ്ഞരായി അഭിപ്രായം പറയുന്നത്..
പണ്ടൊക്കെ കൂട്ടുകുടുംബ കാലത്ത് 60 വയസു കഴിഞ്ഞ ഒരാൾ വീട്ടിൽ ഉണ്ടെങ്കിൽ ആ ആൾ മുത്തശ്ശനാണ്. അച്ഛന്റെയോ അമ്മയുടെയോ അച്ഛൻ.. ഇന്ന് അത് 70 ആക്കാം. ഇത് 70 ഉം കടന്ന് 85 ൽ നിൽക്കുന്ന മുതു മുത്തശ്ശനാണ്. മുതിർന്നവരോടുള്ള പുതു തലമുറയുടെ കാഴ്ചപ്പാട് മാറേണ്ടതായിട്ടുണ്ട്. മലയാളത്തിന്റെ / മലയാളിയുടെ അഭിമാനമായ ഗന്ധർവ്വ ഗായകൻ ശ്രീ. യേശുദാസിനെ അവഹേളിക്കുന്ന ഈ പ്രസ്താവന പ്രതിഷേധാർഹമാണ്. എന്റെ പ്രതിഷേധം ഞാൻ ഇവിടെ കുറിക്കട്ടെ.















